ഹാപ്പി ഫൈനൽ ; സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ നേരിടും
Monday, December 30, 2024 1:10 AM IST
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. സെമിയിൽ മണിപ്പുരിനെ ഏകപക്ഷീയമായി തകർത്താണ് കേരളം 78-ാമത് സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിനു ടിക്കറ്റെടുത്തത്. 5-1നായിരുന്നു മണിപ്പുരിനെ കേരളം സെമിയിൽ തകർത്തത്.
കേരളത്തിനുവേണ്ടി പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ മുഹമ്മദ് റോഷൽ (73’, 88’, 90+5’) ഹാട്രിക് സ്വന്തമാക്കി. നസീബ് റഹ്മാൻ (22’), മുഹമ്മദ് അജ്സൽ (45+1’) എന്നിവരും കേരളത്തിനുവേണ്ടി ഗോൾ നേടി. 2021-22 സീസണിൽ ചാന്പ്യന്മാരായശേഷം ആദ്യമായാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിക്കുന്നത്.
നിലവിലെ ചാന്പ്യന്മാരായ സർവീസസിനെ 2-4നു സെമിയിൽ തകർത്ത വെസ്റ്റ് ബംഗാളാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. നാളെ രാത്രി 7.30നാണ് ബംഗാൾ x കേരളം ഫൈനൽ പോരാട്ടം. സന്തോഷ് ട്രോഫി ഏറ്റവും കൂടുതൽ തവണ (32) സ്വന്തമാക്കിയ ടീമാണ് ബംഗാൾ. കേരളം ഇതുവരെ ഏഴു തവണ കപ്പിൽ ചുംബിച്ചിട്ടുണ്ട്.