ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിന് കണ്ണൂരിൽ തുടക്കം
Wednesday, January 1, 2025 12:14 AM IST
കണ്ണൂർ: കേരള സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 35-ാമത് ദേശീയ സീനിയർ പുരുഷ-വനിതാ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. സീനിയർ പുരുഷ ഫോയിൽ, സീനിയർ വനിത എപ്പി, സീനിയർ പുരുഷ സാബ്രെ എന്നീ ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടന്നത്.
ഇന്ന് സീനിയർ വനിത ഫോയിൽ, സീനിയർ വനിത സാബ്രെ, സീനിയർ പുരുഷ എപ്പി ഇനങ്ങളിൽ മത്സരങ്ങളിൽ നടക്കും. കേരളം ഉൾപ്പെടെ 26 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സർവീസസ് ടീമിനെയും പ്രതിനിധീകരിച്ച് 700 ഓളം കായികതാരങ്ങളാണു മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഉത്തരാഖണ്ഡിൽ നടക്കുന്ന 38ാമത് ദേശീയ ഗെയിംസിന്റെ സെലക്ഷൻ മത്സരം കൂടിയാണ് ഈ ചാമ്പ്യൻഷിപ്പ്.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജീകരിച്ച 13 പിസ്റ്റെകളിലാണു മത്സരങ്ങൾ. എപ്പി, സാബ്രെ, ഫോയിൽ വിഭാഗത്തിൽ ടീം മത്സരങ്ങളും വ്യക്തിഗത മത്സരങ്ങളുമുണ്ട്. ഒളിമ്പ്യൻ ഭവാനി ദേവി ഉൾപ്പെടെ ഇന്ത്യയുടെ ദേശീയ- അന്തർദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
ചാമ്പ്യൻഷിപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.