വണ്ടർ ബും...ജസ്പ്രീത് ബുംറയ്ക്കു റിക്കാർഡ് നേട്ടം
Monday, December 30, 2024 1:10 AM IST
മെൽബണ്‍: ഓസ്ട്രേലിയയ്ക്ക് എതിരായ ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിന്റെ നാലാംദിനത്തിലെ ഹൈലൈറ്റ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ റിക്കാർഡ് വിക്കറ്റ് നേട്ടമായിരുന്നു. ഓസീസ് കൗമാര ഓപ്പണർ സാം കോണ്‍സ്റ്റാസിന്റെ വിക്കറ്റ് തെറിപ്പിച്ച ബുംറയുടെ വണ്ടർ ബോളും ബൗളേഴ്സ് എൻഡിലേക്കുള്ള ഡയറക്ട് ത്രോയിലൂടെ മിച്ചൽ സ്റ്റാർക്കിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കിയതും നഥാൻ ലിയോണിന്റെ പ്രതിരോധക്കോട്ടയുമായിരുന്നു നാലാംദിനത്തിലെ മറ്റു പ്രത്യേകതകൾ.
ഒന്നാം ഇന്നിംഗ്സിൽ സ്കൂപ്പ് ഷോട്ടിലൂടെ തന്നെ തുടരെ ബൗണ്ടറി കടത്തിയ പത്തൊന്പതുകാരൻ കോണ്‍സ്റ്റാസിന്റെ ബാറ്റിനും പാഡിനും ഇടയിലൂടെ കടന്നുപോയ പന്തായിരുന്നു വിക്കറ്റ് ഇളക്കിയത്. ആ വിക്കറ്റ് നേട്ടം ഇരുകൈയും ഉയർത്തി ഗാലറിയിലേക്ക് ആവേശത്തോടെ വീശിയായിരുന്നു ബുംറ ആഘോഷിച്ചത്. പതിവിനു വിപരീതമായിരുന്നു ആ ആഘോഷമെന്നതും വാസ്തവം. സോഷ്യൽ മീഡിയയിലും ബുംറയുടെ ഈ ആഘോഷം തരംഗമായി.
അതിവേഗം ബുംറ 200ൽ
ടെസ്റ്റിൽ ഏറ്റവും കുറവ് റണ്‍സ് വഴങ്ങി 200 വിക്കറ്റ് സ്വന്തമാക്കുന്ന പുരുഷ താരമെന്ന റിക്കാർഡാണ് ബുംറ ഇന്നലെ കുറിച്ചത്. മാത്രമല്ല, 200 വിക്കറ്റ് ഏറ്റവും കുറവ് പന്ത് എറിഞ്ഞ് നേടിയതിൽ നാലാം സ്ഥാനത്തും ബുംറ എത്തി. ശരാശരി 20ൽ താഴെ ബൗളിംഗ് റേറ്റുമായി 200 വിക്കറ്റ് നേട്ടത്തിൽ എത്തുന്ന ആദ്യ ബൗളർ എന്ന ചരിത്ര നേട്ടവും ബുംറ കുറിച്ചു. 19.56 ആണ് നിലവിൽ ബുംറയുടെ ബൗളിംഗ് ശരാശരി. 3912 റണ്‍സ് മാത്രമാണ് 200 വിക്കറ്റിനിടെ ബുംറ വഴങ്ങിയത്.
4067 റണ്‍സ് വഴങ്ങി 200 വിക്കറ്റ് തികച്ച വെസ്റ്റ് ഇൻഡീസ് ഇതിഹാസം ജോയൽ ഗാർനറിന്റെ റിക്കാർഡ് ബുംറ ഇതോടെ പഴങ്കഥയാക്കി. 4077 റണ്‍സ് വഴങ്ങുന്നതിനിടെ 200 വിക്കറ്റ് ക്ലബ്ബിൽ എത്തിയ ദക്ഷിണാഫ്രിക്കൻ മുൻ പേസർ ഷോണ്‍ പൊള്ളോക്കാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 4000 റണ്‍സ് വഴങ്ങുന്നതിനു മുന്‍പ് 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളർ എന്ന നേട്ടവും ഇതോടെ ബുംറയ്ക്കു സ്വന്തം. 44-ാം ടെസ്റ്റിലാണ് ബുംറ 200 വിക്കറ്റ് ക്ലബ്ബിലെത്തിയത്.
വാലറ്റ ചരിതം; 744 പന്തുകൾ
105 റണ്‍സുമായി മൂന്നാംദിനം ക്രീസ് വിട്ട നിതീഷ് കുമാർ 114 റണ്‍സുമായി പുറത്തായതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 369ൽ അവസാനിച്ചു.
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ സാം കോണ്‍സ്റ്റാസ് (8), ട്രാവിസ് ഹെഡ് (1), മിച്ചൽ മാർഷ് (0), അലക്സ് കാരെ (2) എന്നിവരെ പുറത്താക്കി ബുംറ ഇടിത്തീയായി. 70 റണ്‍സ് നേടിയ മാർനസ് ലബൂഷെയ്നായിരുന്നു ഓസീസിന്റെ രണ്ടാം ഇന്നിംഗ്സിലെ രക്ഷകൻ. അർധസെഞ്ചുറി തികയ്ക്കുന്നതിനു മുന്‍പ് ആകാശ് ദീപിന്റെ പന്തിൽ ലബൂഷെയ്നെ യശസ്വി ജയ്സ്വാൾ വിട്ടുകളഞ്ഞിരുന്നു. പിന്നീട് വാലറ്റത്ത് പാറ്റ് കമ്മിൻസും (41) നഥാൻ ലിയോണും (41 നോട്ടൗട്ട്) സ്കോട്ട് ബോലണ്ടും (10 നോട്ടൗട്ട്) ചേർന്നു പ്രതിരോധം തീർത്തതോടെ 228/9 എന്ന സ്കോറിൽ ഓസ്ട്രേലിയ നാലാംദിനം രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. 10-ാം വിക്കറ്റിൽ ലിയോണും ബോലണ്ടും ചേർന്ന് 55 റണ്‍സ് കൂട്ടുകെട്ട് ഇതിനോടകം സ്വന്തമാക്കി. 333 റണ്‍സ് ലീഡാണ് ആതിഥേയർക്കുള്ളത്.
മെൽബണ്‍ ടെസ്റ്റിൽ എട്ട് മുതൽ 11വരെയുള്ള ബാറ്റർമാർ ഇതിനോടകം 744 പന്തുകൾ നേരിട്ടു. 1980നുശേഷം ഓസ്ട്രേലിയയിലെ ടെസ്റ്റുകളിൽ റിക്കാർഡാണിത്.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 474 (122.4)
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ റണ്ണൗട്ട് 82, രോഹിത് സി ബോലണ്ട് ബി കമ്മിൻസ് 3, രാഹുൽ ബി കമ്മിൻസ് 24, കോഹ്ലി സി കാരെ ബി ബോലണ്ട് 36, ആകാശ് സി ലിയോണ്‍ ബി ബോലണ്ട് 0, പന്ത് സി ലിയോണ്‍ ബി ബോലണ്ട് 28, ജഡേജ എൽബിഡബ്ല്യു ബി ലിയോണ്‍ 17, നിതീഷ് സി സ്റ്റാർക്ക് ബി ലിയോണ്‍ 114, വാഷിംഗ്ടണ്‍ സി സ്മിത്ത് ബി ലിയോണ്‍ 50, ബുംറ സി ഖ്വാജ ബി കമ്മിൻസ് 0, സിറാജ് നോട്ടൗട്ട് 4, എക്സ്ട്രാസ് 11, ആകെ 369 (119.3)
വിക്കറ്റ് വീഴ്ച: 1-8, 2-51, 3-153, 4-154, 5-159, 6-191, 7-221, 8-348, 9-350, 10-369.
ബൗളിംഗ്: സ്റ്റാർക്ക് 25-2-86-0, കമ്മിൻസ് 29-6-89-3, ബോലണ്ട് 27-7-57-3, ലിയോണ്‍ 28.3-4-96-3, മിച്ചൽ മാർഷ് 7-1-28-0, ഹെഡ് 3-0-11-0.
ഓസീസ് രണ്ടാം ഇന്നിംഗ്സ്: കോണ്‍സ്റ്റാസ് ബി ബുംറ 8, ഖ്വാജ ബി സിറാജ് 21, ലബൂഷെയ്ൻ എൽബിഡബ്ല്യു ബി സിറാജ് 70, സ്മിത്ത് സി പന്ത് ബി സിറാജ് 13, ഹെഡ് സി നിതീഷ് ബി ബുംറ 1, മിച്ചൽ മാർഷ് സി പന്ത് ബി ബുംറ 0, കാരെ ബി ബുംറ 2, കമ്മിൻസ് സി രോഹിത് ബി ജഡേജ 41, സ്റ്റാർക്ക് റണ്ണൗട്ട് 5, ലിയോണ്‍ നോട്ടൗട്ട് 41, ബോലണ്ട് നോട്ടൗട്ട് 10, എക്സ്ട്രാസ് 16, ആകെ 228/9 (82).
വിക്കറ്റ് വീഴ്ച: 1-20, 2-43, 3-80, 4-85, 5-85, 6-91, 7-148, 8-156, 9-173.
ബൗളിംഗ്: ബുംറ 24-7-56-4, ആകാശ് 17-4-53-0, സിറാജ് 22-4-66-3, ജഡേജ 14-2-33-1, നിതീഷ് 1-0-4-0, വാഷിംഗ്ടണ്‍ 4-0-7-0.