ബാസ്കറ്റ്ബോൾ: എംജി ജേതാക്കൾ
Wednesday, January 1, 2025 12:14 AM IST
കോട്ടയം: അഖിലേന്ത്യ അന്തർസർവകലാശാല 3x3 ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ മഹാത്മാഗാന്ധി സർവകലാശാല കോട്ടയവും പുരുഷന്മാരിൽ ജെയിൻ യൂണിവേഴ്സിറ്റി ബംഗളൂരുവും ജേതാക്കൾ. വനിതാ വിഭാഗത്തിലെ മൂന്നാം സ്ഥാനം കാലിക്കറ്റ് സർവകലാശാല നേടി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ നടന്ന ചാന്പ്യൻഷിപ്പിന്റെ വനിതകളുടെ ഫൈനലിൽ എംജി സർവകലാശാല 21-4ന് ചെന്നൈ എസ്ആർഎം സർവകലാശാലയെ പരാജയപ്പെടുത്തി. പുരുഷന്മാരിൽ ജെയിൻ യൂണിവേഴ്സിറ്റി 21-14ന് കോട്ട സർവകലാശാലയെ തോൽപ്പിച്ചു.
കാലിക്കട്ട് 21-8ന് മദ്രാസ് സർവകലാശാലയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.
ജർമനിയിൽ നടക്കുന്ന വേൾഡ് 3x3 യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കാൻ ജെയിനും എംജിയും യോഗ്യത നേടി.