രോഹിത് ശർമ വിരമിച്ചേക്കുമെന്ന്
Wednesday, January 1, 2025 12:14 AM IST
സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് രോഹിത് വിരമിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുമായി രംഗത്തെത്തിയത്.
വിരമിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനത്തിൽ രോഹിത് എത്തിയെന്നും ബിസിസിഐ സെലക്ടർമാർ താരവുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ട്. വിരമിക്കൽ പ്രഖ്യാപനം ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ സിഡ്നിൽ നടക്കുന്ന ടെസ്റ്റിനുശേഷമാകും ഉണ്ടാകുകയെന്നും സൂചന.
ബിസിസിഐ ഉന്നതരും സെലക്ടർമാരും തീരുമാനത്തെക്കുറിച്ച് സംസാരിച്ചുവെന്നും രോഹിത് മനസ് മാറ്റാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലേക്ക് ടീം യോഗ്യത നേടിയാൽ ആ മത്സരം കളിക്കാൻ അനുവദിക്കണമെന്ന് സെലക്ടർമാരോട് രോഹിത് പറഞ്ഞതായും വാർത്തകളുണ്ട്.
ഓസ്ട്രേലിയയുമായുള്ള ബോർഡർ ഗാവസ്കർ ട്രോഫിയിൽ മൂന്നു ടെസ്റ്റിൽ ആറ് ഇന്നിംഗ്സുകളിൽ നിന്നായി 31 റണ്‍സാണ് താരത്തിന്റെ സന്പാദ്യം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ പരന്പരയിൽ നേടിയ വിക്കറ്റുകളുടെ എണ്ണം 30 ആണ്.
2024ൽ 26 ഇന്നിംഗ്സുകളിൽ രോഹിത്തിന് 24.76 ശരാശരിയിൽ രണ്ടു സെഞ്ചുറി ഉൾപ്പെടെ 619 റണ്‍സ് മാത്രമാണുള്ളത്.
ക്യാപ്റ്റൻസിയിലും രോഹിത് പരാജയമാകുകയാണ്. രോഹിതിനു കീഴിൽ കഴിഞ്ഞ ആറു ടെസ്റ്റിലും ഇന്ത്യക്കു ജയിക്കാനായിട്ടില്ല. ഇതിൽ ന്യൂസിലൻഡിനോടേറ്റ 3-0ന്റെ സന്പൂർണ തോൽവിയുമുണ്ട്.