നിതീഷ് കുമാർ റെഡ്ഡിക്ക് (105*) സെഞ്ചുറി
Sunday, December 29, 2024 12:04 AM IST
മെൽബണ്‍: എൻടിആറിനുശേഷം ആന്ധ്രക്കാർക്ക് ആവേശമായി മറ്റൊരു ചുരുക്കെഴുത്ത്, എൻകെആർ. ആന്ധ്രക്കാർ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം ഹൃദയത്തോട് ചേർത്തുവച്ചുകഴിഞ്ഞു എൻകെആർ എന്ന നിതീഷ് കുമാർ റെഡ്ഡിയെ.
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഫോളോ ഓണിൽനിന്നു കരകയറ്റി ധീരോചിത പോരാട്ടം കാഴ്ചവച്ച സെഞ്ചുറിയുമായി എൻകെആർ മെൽബണിൽ തലയുയർത്തി നിന്നു. ബാഹുബലി പോലൊരു മാസ് സെഞ്ചുറിയായിരുന്നു നിതീഷ് കുമാർ റെഡ്ഡി മെൽബണിൽ കുറിച്ചത്.
നേരിട്ട 171-ാം പന്ത് ബൗണ്ടറി കടത്തി 99ൽ നിന്ന് 103ലേക്ക് എത്തിയായിരുന്നു നിതീഷ് കുമാറിന്റെ കന്നി ടെസ്റ്റ് സെഞ്ചുറി. നാലാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുന്പോൾ 176 പന്തിൽ 105 റണ്‍സുമായി നിതീഷ് കീഴടങ്ങാതെ നിൽക്കുന്നു. ഒപ്പമുള്ളത് ഏഴു പന്തിൽ രണ്ടു റണ്‍സുമായി മുഹമ്മദ് സിറാജ്. മഴയെത്തുടർന്നു മത്സരം അവസാനിപ്പിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ 358/9 എന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സിനേക്കാൾ 116 റണ്‍സ് പിന്നിൽ.
പുഷ്പ, ബാഹുബലി ആഘോഷം
മഴയെത്തുടർന്ന് ഒരുഘട്ടത്തിൽ മത്സരം നിർത്തിവയ്ക്കുന്പോൾ നിതീഷ് കുമാർ റെഡ്ഡി 119 പന്തിൽ 85 റണ്‍സുമായി ക്രീസിൽ ഉണ്ടായിരുന്നു. വീണ്ടും മത്സരം തുടങ്ങിയപ്പോൾ അമിതാവേശം കാണിക്കാതെയാണ് ഈ ഇരുപത്തൊന്നുകാരൻ ബാറ്റ് ചലിപ്പിച്ചത്.
119 പന്ത് നേരിട്ട് 85 റണ്‍സുമായി നങ്കൂരമിട്ടു നിൽക്കുന്ന ഒരു ബാറ്ററിനെപോലെ അല്ലായിരുന്നു നിതീഷ് ബാറ്റ് ചലിപ്പിച്ചതെന്നതാണ് ശ്രദ്ധേയം. അക്കൗണ്ട് തുറക്കാത്ത, ക്രീസിലേക്ക് ആദ്യമായി എത്തുന്ന ഒരു ബാറ്ററിന്റെ ശ്രദ്ധയായിരുന്നു നിതീഷ് കാഴ്ചവച്ചത്.
85ൽനിന്ന് 97ലേക്ക് എത്താനായി 48 പന്ത് നിതീഷ് നേരിട്ടു. 99ൽനിന്ന് സ്കോട്ട് ബോലണ്ടിനെ മിഡ് ഓണിനു മുകളിലൂടെ ബൗണ്ടറി കടത്തിയായിരുന്നു നിതീഷിന്റെ സെഞ്ചുറി. സെഞ്ചുറിക്കുശേഷം ബാഹുബലി മോഡലിൽ ബാറ്റ് ഗ്രൗണ്ടിൽകുത്തിനിർത്തി, അതിനു മുകളിൽ ഹെൽമറ്റ് വച്ച്, ഒരു കാലിൽ മുട്ടുകുത്തി ആകാശത്തേക്ക് ഇടതുകൈ ചൂണ്ടിയായിരുന്നു നിതീഷിന്റെ ആഘോഷം.
അർധസെഞ്ചുറി തികച്ചശേഷം പുഷ്പ മോഡലിൽ ബാറ്റിന്റെ പുറംകൊണ്ടു താടി തടവുന്ന ആക്ഷൻ കാണിച്ചായിരുന്നു നിതീഷ് ആഘോഷിച്ചതെന്നതും ശ്രദ്ധേയം. നേരിട്ട 81-ാം പന്തിലായിരുന്നു നിതീഷിന്റെ അർധസെഞ്ചുറി.
ഉദ്വേഗ നിമിഷങ്ങൾ
20 മിനിറ്റിൽ അധികം നീണ്ട ഉദ്വേഗ നിമിഷങ്ങൾക്കുശേഷമായിരുന്നു നിതീഷ് കുമാറിന്റെ സെഞ്ചുറി. നിതീഷ് 97ലും 99ലും നിൽക്കുന്പോൾ വാഷിംഗ്ടണ്‍ സുന്ദറും (162 പന്തിൽ 50) ജസ്പ്രീത് ബുംറയും (0) പുറത്തായി.
ബുംറയ്ക്കു പിന്നാലെ ക്രീസിലെത്തിയ മുഹമ്മദ് സിറാജ് പാറ്റ് കമ്മിൻസിന്റെ മൂന്നു പന്ത് അതിജീവിച്ചശേഷമാണ് സ്കോട്ട് ബോലണ്ടിനെ നേരിടാൻ നിതീഷിന് അവസരം ലഭിച്ചത്. ഗാലറിയിലുണ്ടായിരുന്ന നിതീഷിന്റെ അച്ഛൻ മുത്തല്യ റെഡ്ഡി ഈ സമയമെല്ലാം കൈകൾ കൂപ്പി പ്രാർഥനയിലായിരുന്നു.
ഏഴു വിക്കറ്റ് നഷ്ടത്തിൽ 221 റണ്‍സ് എന്ന നിലയിൽ ഫോളോ ഓണ്‍ നാണക്കേടിന്റെ വക്കിലായിരിക്കുന്പോഴാണ് നിതീഷ് കുമാർ വാഷിംഗ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് ഇന്ത്യയെ 300 കടത്തിയത്.
അഞ്ചിന് 164 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് നാലാംദിനം പുനരാരംഭിച്ച ഇന്ത്യക്ക്, 191ൽവച്ച് ഋഷഭ് പന്തിനെയും (28) 221ൽവച്ച് രവീന്ദ്ര ജഡേജയെയും (17) നഷ്ടപ്പെട്ടു. എന്നാൽ, എട്ടാം വിക്കറ്റിൽ വാഷിംഗ്ടണ്‍ സുന്ദറും നിതീഷും ചേർന്ന് 285 പന്തിൽ 127 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
മകനുവേണ്ടി സമർപ്പിച്ച അച്ഛൻ...
നിതീഷ് കുമാർ റെഡ്ഡി 97ലും 99ലും നിൽക്കുന്പോൾ മറുവശത്ത് രണ്ടു വിക്കറ്റ് വീണതോടെ ഏറ്റവും നെഞ്ചിടിപ്പേറിയത് മെൽബണിലെ ഗാലറിയിൽ അപ്പോഴുണ്ടായിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ മുത്തല്യ റെഡ്ഡിക്കാണ്.
99ൽനിന്ന് സ്കോട്ട് ബോലണ്ടിനെ ഫോറടിച്ച് സെഞ്ചുറി തികച്ചപ്പോൾ മുത്തല്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അതുകൊണ്ടുതന്നെ. നിതീഷ് കുമാറിനെ ക്രിക്കറ്റ് താരമാക്കാൻ സ്വന്തം പ്രഫഷണൽ ജീവിതം വേണ്ടെന്നുവച്ചയാളാണ് മുത്തല്യ.
പതിമൂന്നാം വയസിൽ നിതീഷിനെ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ ട്രയൽസിലേക്ക് തെരഞ്ഞെടുത്തപ്പോൾ ജോലിയിൽനിന്ന് റിട്ടയർ ചെയ്തു മുത്തല്യ. 25 വർഷം കൂടി സർവീസ് ഉള്ളപ്പോഴാണിത്. പിന്നീട് കടുത്ത സാന്പത്തിക പ്രതിസന്ധിയിലും മകന് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകി.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് അച്ഛൻ കണ്ണീരൊഴുക്കുന്നത് മറഞ്ഞിരുന്നു കണ്ടിട്ടുണ്ടെന്നു നിതീഷ് സാക്ഷ്യപ്പെടുത്തുന്നു. ആ കണ്ണീരിന്റെ വിലയാണ് ഇന്ത്യയെ മെൽബണിൽ ഫോളോ ഓണിൽനിന്നു രക്ഷിച്ച നിതീഷിന്റെ ചരിത്ര സെഞ്ചുറി.
ടീമിന്റെ വിശ്വസ്തൻ
ഓസ്ട്രേലിയൻ പര്യടനത്തിൽ ടീം ഇന്ത്യയുടെ വിശ്വസ്തനായി ഇതിനോടകം നിതീഷ് കുമാർ റെഡ്ഡി മാറിയെന്നതും ശ്രദ്ധേയം. പെർത്തിലെ ഒന്നാം ടെസ്റ്റിൽ ആറിന് 73 എന്ന നിലയിലായിരുന്ന ഇന്ത്യയെ 150ലേക്ക് എത്തിച്ചത് നിതീഷായിരുന്നു. അഡ്ലെയ്ഡിലെ പിങ്ക് ബോൾ ടെസ്റ്റിൽ അഞ്ചിന് 87ൽ നിന്നും അഞ്ചിന് 105ൽ നിന്നും രണ്ടു പ്രാവശ്യം 42 റണ്‍സ് വീതം നേടി ടോപ് സ്കോററായി ടീമിനെ മുന്നോട്ടു നയിച്ചു. ഇതാ ഇപ്പോൾ മെൽബണിൽ ആറിന് 191ൽനിന്ന് ഇന്ത്യയെ 300 കടത്തി...
റിക്കാർഡ് കാണികൾ...
മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറുന്ന ബോക്സിംഗ് ഡേ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാംദിന അറ്റൻഡൻസായിരുന്നു ഇന്നലെ ഗാലറിയിൽ കണ്ടത്. 83,073 കാണികൾ ഇന്നലെ മെൽബണിലെ ഗാലറിയിൽ എത്തി. 1937 ജനുവരിയിൽ ഡോണ്‍ ബ്രാഡ്മാന്റെ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയപ്പോൾ 87,798 കാണികൾ ഗാലറിയിലെത്തിയതാണ് മെൽബണ്‍ ഗ്രൗണ്ടിൽ മൂന്നാംദിനത്തിലെ റിക്കാർഡ് അറ്റൻഡൻസ്.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 474 (122.4)
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ റണ്ണൗട്ട് 82, രോഹിത് സി ബോലണ്ട് ബി കമ്മിൻസ് 3, രാഹുൽ ബി കമ്മിൻസ് 24, കോഹ്ലി സി കാരെ ബി ബോലണ്ട് 36, ആകാശ് സി ലിയോണ്‍ ബി ബോലണ്ട് 0, പന്ത് സി ലിയോണ്‍ ബി ബോലണ്ട് 28, ജഡേജ എൽബിഡബ്ല്യു ബി ലിയോണ്‍ 17, നിതീഷ് നോട്ടൗട്ട് 105, വാഷിംഗ്ടണ്‍ സി സ്മിത്ത് ബി ലിയോണ്‍ 50, ബുംറ സി ഖ്വാജ ബി കമ്മിൻസ് 0, സിറാജ് നോട്ടൗട്ട് 2, എക്സ്ട്രാസ് 11, ആകെ 116 ഓവറിൽ 358/9.
വിക്കറ്റ് വീഴ്ച: 1-8, 2-51, 3-153, 4-154, 5-159, 6-191, 7-221, 8-348, 9-350.
ബൗളിംഗ്: സ്റ്റാർക്ക് 25-2-86-0, കമ്മിൻസ് 27-6-86-3, ബോലണ്ട് 27-7-57-3, ലിയോണ്‍ 27-4-88-2, മിച്ചൽ മാർഷ് 7-1-28-0, ഹെഡ് 3-0-11-0.