സീനിയേഴ്സിനു വിശ്രമം നൽകിയേക്കും
Wednesday, January 1, 2025 12:14 AM IST
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ട്വൻി 20, ഏകദിന ക്രിക്കറ്റ് പരന്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർക്കു വിശ്രമം നൽകിയേക്കും. ഇവർക്കൊപ്പം ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ എന്നിവരെയും ട്വന്റി 20 ടീമിലേക്കു പരിഗണിക്കാൻ സാധ്യതയില്ല. എന്നാൽ ചാന്പ്യൻസ് ട്രോഫിയിലേക്കുള്ള കളിക്കാരെന്ന നിലയിൽ ഇരുവരെയും ഏകദിന ടീമിൽ ഉൾപ്പെടുത്തിയേക്കും.
ഇംഗ്ലണ്ടിനെതിരേ അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ജനുവരി 22 മുതൽ ഫെബ്രുവരി ഒന്പത് വരെയാണ് പരന്പര. 22ന് കോൽക്കത്തയിൽ ടി20 മത്സരത്തോടെയാണ് ഇംഗ്ലണ്ടിന്റെ പര്യടനം തുടങ്ങുക.
25ന് ചെന്നൈ (25), 28ന് രാജ്കോട്ട് (28), പൂന (31), മുംബൈ (ഫെബ്രുവരി രണ്ട്) എന്നിവിടങ്ങളിലാണ് ടി 20 മത്സരങ്ങൾ. ഫെബ്രുവരി ആറിന് നാഗ്പുരിലാണ് ആദ്യ ഏകദിന മത്സരം. ഒന്പതിന് കട്ടക്കിൽ രണ്ടാം ഏകദിനവും 12ന് അഹമ്മദാബാദിൽ മൂന്നാം ഏകദിനവും നടക്കും.
ചാന്പ്യൻസ് ട്രോഫി ടൂർണമെന്റിന് ഒരാഴ്ച മുന്പ് മാത്രമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലെ അവസാന മത്സരമെന്നതിനാൽ സീനിയർ കളിക്കാർക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളെ പരീക്ഷിക്കാനാകും സെലക്ടർമാർ ശ്രമിക്കുക. ഫെബ്രുവരി 19ന് ചാന്പ്യൻസ് ട്രോഫിക്കു തുടക്കമാകും.
രോഹിത് ശർമ തന്നെയാകും ചാന്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ നയിക്കുക.ഇംഗ്ലണ്ടിനെതിരേ നായകൻ രോഹിതിനും വൈസ് ക്യാപ്റ്റൻ ബുംറയ്ക്കും വിശ്രമം നല്കിയാൽ ഏകദിന ടീമിന് ക്യാപ്റ്റനെ തേടേണ്ടിവരും. പരന്പരയിൽ ട്വന്റി 20 ടീമിനെ സൂര്യകുമാർ തന്നെയാകും നയിക്കുക.