ഗമയോടെ ഗുലാം
Wednesday, October 16, 2024 1:12 AM IST
മുൾട്ടാൻ: അരങ്ങേറ്റ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറിയുമായി പാക്കിസ്ഥാന്റെ കമ്രാൻ ഗുലാം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലാണ് ഗുലാം സെഞ്ചുറി നേടിയത്. നാലാം നന്പറായി ക്രീസിലെത്തിയ കമ്രാൻ ഗുലാം 224 പന്ത് നേരിട്ട് 11 ഫോറിന്റെയും ഒരു സിക്സിന്റെയും അകന്പടിയോടെ 118 റണ്‍സ് നേടി. മത്സരത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോൾ പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 259 റണ്‍സ് എടുത്തു.
ടോസ് നേടി ക്രീസിലെത്തിയ പാക്കിസ്ഥാന് സ്കോർ ബോർഡിൽ 19 റണ്‍സുള്ളപ്പോൾ രണ്ടു വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റിൽ സയിം അയൂബും (77) കമ്രാൻ ഗുലാമും ചേർന്നു 149 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പാക്കിസ്ഥാനെ കരകയറ്റി. മുഹമ്മദ് റിസ്വാൻ (37), സൽമാൻ ആഘ (5) എന്നിവരാണ് ഒന്നാംദിനം അവസാനിച്ചപ്പോൾ ക്രീസിൽ.
ബാബറിന്റെ പകരക്കാരൻ
സൂപ്പർ ബാറ്റർ ബാബർ അസം ഇല്ലാതെയാണ് പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടെസ്റ്റിൽ ബാബർ അസം ഉണ്ടാകില്ലെന്നു പാക് ക്രിക്കറ്റ് ബോർഡ് ഞായറാഴ്ച അറിയിച്ചിരുന്നു. ബാബറിന്റെ പകരക്കാരനായാണ് കമ്രാൻ ഗുലാം പ്ലേയിംഗ് ഇലവനിൽ എത്തിയത്. സർഫറാസ് അഹമ്മദ്, ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരും രണ്ടാം ടെസ്റ്റിനുള്ള പാക് ടീമിൽ ഇല്ല.