ഐപിഎല്‍: വിജയം തേടി മുംബൈയും ഗുജറാത്തും
Saturday, March 29, 2025 12:35 AM IST
അഹമ്മദാബാദ്: ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവോടെ വിജയത്തുടക്കമിടാൻ മുംബൈ ഇന്ത്യൻസ് ഐപിഎൽ സീസണ് ഒന്‍പതാം മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
ആദ്യ മത്സരത്തിലെ തോൽവി മറക്കുന്നതിനൊപ്പം താളം കണ്ടെത്തി ടൂർണമെന്റിലേക്ക് തിരിച്ചുവരികയാണ് മുംബൈയുടെ ലക്ഷ്യം. വിലക്കിനെ തുടർന്ന് ആദ്യമത്സരം നഷ്ടമായ ഹാർദിക്കിന്റെ തിരിച്ചുവരവ് മുംബൈക്ക് ശക്തി പകരും.
ആദ്യമത്സരത്തിൽ പഞ്ചാബിനോട് പൊരുതിത്തോറ്റ ഗുജറാത്തും ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത മത്സരത്തിൽ തീപാറും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ റണ്‍സ് ഒഴുകാതെ തരമില്ല. രോഹിത് ശർമ മികച്ച തുടക്കം നൽകിയാൽ മുംബൈ കുതിക്കും. സൂര്യകുമാർ യാദവ് ഫോം കണ്ടെത്താത്തതാണ് തിരിച്ചടി. ഹാർദിക് പാണ്ഡ്യ എത്തുന്നതോടെ അതിവേഗ ബാറ്റിംഗിനൊപ്പം പേസ് ആക്രമണത്തിനും ശക്തികൂടും. മലയാളി താരം വിഘ്നേഷ് പുത്തൂരും മുംബൈ പ്രതീക്ഷയാണ്.
ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ബട്ലർക്കൊപ്പമുള്ള സ്ഫോടനാത്മക ഓപ്പണിംഗിൽ പ്രതീക്ഷ അർപ്പിച്ചാണിറങ്ങുന്നത്. രാഹുൽ തെവാട്ടിയയുടെ ഓൾറൗണ്ട് മികവും ശക്തിയാണ്.