സിൽവമാരുടെ ഗോളിൽ കോഴിക്കോടിനെ തളച്ച് തൃശൂർ
Wednesday, September 25, 2024 1:37 AM IST
കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബോൾ ആരാധകർക്കു സൂപ്പർ ഡേ. അവസാന നിമിഷം രണ്ടു സിൽവമാർ നേടിയ ഗോളിൽ കാലിക്കട്ട് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ തൃശൂർ മാജിക്ക് എഫ്സിയുടെ പൂരം.
രണ്ടു ഗോളിനു പിന്നിലായിരുന്ന തൃശൂരിന്റെ ഗഡികൾ ഇഞ്ചുറി ടൈം ഗോളിലൂടെ കാലിക്കട്ട് എഫ്സിയെ 2 - 2 സമനിലയിൽ തളച്ചു. ഹോം ഗ്രൗണ്ടിൽ ആദ്യജയം എന്ന കാലിക്കട്ടിന്റെ സ്വപ്നം ഇന്നലെയും സഫലമായില്ല. ഹോം ഗ്രൗണ്ടിൽ കാലിക്കട്ട് ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും സമനില വഴങ്ങി.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം റിയാസ് പി.ടി. മുഹമ്മദിലൂടെ കാലിക്കട്ട് 48-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. 80-ാം മിനിറ്റിൽ പി.എം. ബ്രിട്ടോ ആതിഥേയരുടെ ലീഡ് ഉയർത്തി. കാലിക്കട്ട് ജയത്തിലേക്ക് നീങ്ങവെ 90-ാം മിനിറ്റിൽ സിൽവ ഗോമസ് ഫിൽഹോയിലൂടെ തൃശൂർ മാജിക്ക് ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചെത്തി.
ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ സിൽവ ഡി ലൂക്കാസ് എഡ്വേർഡോയുടെ സമനില ഗോളിൽ തൃശൂർപൂരം കോഴിക്കോട് അരങ്ങേറി.
തോൽവി അറിയാതെ മുന്നേറുന്ന കാലിക്കട്ട് എഫ്സിയാണ് ലീഗിന്റെ തലപ്പത്ത്. രണ്ടു പോയിന്റുള്ള തൃശൂർ ഏറ്റവും പിന്നിലാണ്.
സീസണിൽ ഇതുവരെ ഒരു സമനില മാത്രമായിരുന്നു തൃശൂർ മാജിക്ക് എഫ്സിക്കുണ്ടായിരുന്നത്. മൂന്നാം റൗണ്ടിൽ മലപ്പുറം എഫ്സിക്കെതിരേ ഗോൾരഹിത സമനിലയിൽ പിരിഞ്ഞതായിരുന്നു തൃശൂർ മാജിക്ക് എഫ്സിയുടെ അക്കൗണ്ടിലെ ഏക പോയിന്റ്.
ആദ്യ രണ്ടു മത്സരങ്ങളിലും തൃശൂരിന്റെ ഗഡികൾക്കു തോൽവിയായിരുന്നു ഫലം, തിരുവനന്തപുരം കൊന്പൻസ് എഫ്സിക്കെതിരേ 2-0നും കണ്ണൂർ വാരിയേഴ്സ് എഫ്സിക്കെതിരേ 2-1നും. അതേസമയം, ഫോർക കൊച്ചി എഫ്സിക്കെതിരേ സ്വന്തം കാണികൾക്കു മുന്നിൽ 1-1 സമനിലയുമായി പോയിന്റ് പങ്കുവച്ചശേഷമായിരുന്നു കാലിക്കട്ട് കളത്തിലെത്തിയത്.
മലപ്പുറം എഫ്സിയെ 3-0നു പരാജയപ്പെടുത്തിയ കാലിക്കട്ട്, തിരുവനന്തപുരം കൊന്പൻസ് എഫ്സിക്കെതിരേയും (1-1) സമനിലയിൽ പിരിഞ്ഞിരുന്നു.
ഇന്നു മലപ്പുറം x കണ്ണൂർ
സൂപ്പർ ലീഗ് കേരളയിൽ ഇന്നു മലപ്പുറം എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും കൊന്പുകോർക്കും. മലപ്പുറം എഫ്സിയുടെ ഹോംഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.
പയ്യനാടിന്റെ ആരവത്തിൽനിന്ന് ഉൗർജമുൾക്കൊണ്ട് വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കാനാണ് മലപ്പുറം എഫ്സി ഇറങ്ങുക. എന്നാൽ, ആദ്യ മൂന്നു റൗണ്ട് പോരാട്ടത്തിലും തോൽവി അറിയാത്ത ടീമാണ് കണ്ണൂർ വാരിയേഴ്സ് എഫ്സി.
ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചു പോയിന്റാണ് കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക്. ഒരു ജയം, ഒരു തോൽവി, ഒരു സമനില എന്നിങ്ങനെ നാലു പോയിന്റുമായി തൊട്ടുപിന്നിൽ മലപ്പുറവുമുണ്ട്.
സൂപ്പർ ലീഗ് കേരള
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
കാലിക്കട്ട് 4 1 3 0 6
തിരുവനന്തപുരം 3 1 2 0 5
കണ്ണൂർ 3 1 2 0 5
മലപ്പുറം 3 1 1 1 4
കൊച്ചി 3 0 2 1 2
തൃശൂർ 4 0 2 2 2