ചരിത്രനേട്ടത്തിലേക്ക് സൈക്കിളോടിച്ച് ജേക്കബും ഫെലിക്സും
Monday, September 23, 2024 12:26 AM IST
കൊച്ചി: ലോകത്തിലെ ഏറ്റവും കഠിനമായ സൈക്ലിംഗ് ഇവന്റുകളിൽ ഒന്നായ നോർത്ത്കേപ്പ് 4000 അൾട്രാ എൻഡ്യൂറൻസ് സൈക്കിൾ സാഹസികത വിജയകരമായി പൂർത്തിയാക്കി കേരളത്തിൽനിന്നുള്ള സൈക്ലിസ്റ്റുകൾ. ജേക്കബ് ജോയിയും ഫെലിക്സ് അഗസ്റ്റിനുമാണ് ശ്രദ്ധേയനേട്ടം കൈവരിച്ചത്. ഏഴു യൂറോപ്യൻ രാജ്യങ്ങളിലായി 4,168 കിലോമീറ്റർ പിന്നിട്ട് 20 ദിവസങ്ങൾകൊണ്ടു നോർത്ത് കേപ്പ് 4000 കീഴടക്കുന്ന ആദ്യ കേരളീയർ എന്ന നേട്ടവുമായാണ് ഇരുവരും മടങ്ങിയെത്തിയത്.
ഇറ്റലിയിൽനിന്ന് ആരംഭിച്ച് ഓസ്ട്രിയ, ജർമനി, ഡെന്മാർക്ക്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലൂടെയാണ് ഇവർ യൂറോപ്പിന്റെ പ്രധാന ഭൂപ്രദേശത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ആർട്ടിക് സർക്കിളിന് 300 മൈൽ അപ്പുറമുള്ള നോർത്ത് കേപ്പിലേക്ക് എത്തിയത്. കഠിനമായ വഴികൾ പിന്നിട്ടാണു സ്വപ്നനേട്ടം കൈവരിച്ചതെന്ന് ഇരുവരും പറഞ്ഞു.
കുത്തനേയുള്ള കയറ്റങ്ങളിലൂടെയും കഠിനമായ കാലാവസ്ഥയിലൂടെയും ചരൽ റോഡുകളും ഉരുളൻകല്ലുകൾ ഉള്ള ഭൂപ്രദേശങ്ങളിലൂടെയും സൈക്ലിംഗ് നടത്തിയതു മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് ജേക്കബ് പറഞ്ഞു. 45ലധികം രാജ്യങ്ങളിൽനിന്നുള്ള സൈക്ലിസ്റ്റുകൾക്കൊപ്പമാണ് ജേക്കബും ഫെലിക്സും പങ്കെടുത്തത്.
ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് ജാക്കോബി ചോക്കലേറ്റർ സ്ഥാപകനാണ്. ഫെലിക്സ് അഗസ്റ്റിൻ ഇൻവെസ്റ്റ്മെന്റ് ബാങ്കർ, കോസ്റ്റ് അക്കൗണ്ടന്റ് എന്നീനിലകളിൽ പ്രവർത്തിക്കുന്നു. ഡിസംബറിൽ നടക്കുന്ന ടൈക്കോൺ 2024നു മുന്നോടിയായി ടൈ കേരള സംഘടിപ്പിച്ച സെഷനിൽ യാത്രയിലെ അനുഭവങ്ങൾ ഇരുവരും പങ്കുവച്ചു. ടൈക്കൂൺ കേരള 2024 ചെയർമാനും വൈസ് പ്രസിഡന്റുമായ വിവേക് കൃഷ്ണ ഗോവിന്ദ്, വൈസ് പ്രസിഡന്റ് ജീമോൻ കോര എന്നിവർ പങ്കെടുത്തു.