സെഞ്ചുറി സഞ്ജു
Friday, September 20, 2024 11:17 PM IST
അനന്തപുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ ഡിക്കു വേണ്ടി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ സെഞ്ചുറി.
ഇന്ത്യ ബിക്കെതിരായ മത്സരത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോൾ 89 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു, രണ്ടാംദിനം തുടക്കത്തിൽതന്നെ സെഞ്ചുറി തികച്ചു. 101 പന്തിൽ മൂന്നു സിക്സും 12 ഫോറും അടക്കം 106 റണ്‍സ് നേടിയശേഷമാണ് സഞ്ജു കീഴടങ്ങിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യ ബി, ക്യാപ്റ്റൻ അഭിമന്യു ഈശ്വരന്റെ (116) സെഞ്ചുറിക്കരുത്തിൽ രണ്ടാംദിവം അവസാനിക്കുന്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സ് എടുത്തു. 39 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദർ ക്രീസിലുണ്ട്.
ഇന്ത്യ എയ്ക്ക് എതിരായ പോരാട്ടത്തിന്റെ രണ്ടാംദിനം അവസാനിക്കുന്പോൾ ഇന്ത്യ സി ഏഴു വിക്കറ്റ് നഷ്ടത്തിൽ 216 റണ്‍സ് നേടി. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് 297ൽ അവസാനിച്ചിരുന്നു. ഇന്ത്യ എയ്ക്കു വേണ്ടി ശാശ്വത് റാവത്ത് (124), ആവേശ് ഖാൻ (51 നോട്ടൗട്ട്) എന്നിവർ ബാറ്റിംഗിൽ തിളങ്ങി.
സഞ്ജുവിന്റെ 11-ാം സെഞ്ചുറി
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജുവിന്റെ 11-ാം സെഞ്ചുറിയാണ് ഇന്നലെ അനന്തപുരിൽ പിറന്നത്. ഏറ്റവും കൂടുതൽ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയ കേരള താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു. സച്ചിൻ ബേബി (18), രോഹൻ പ്രേം (13) എന്നിവരാണ് പട്ടികയിൽ ആദ്യരണ്ടു സ്ഥാനങ്ങളിൽ.