900 കരിയർ ഗോൾ തികയ്ക്കുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
Saturday, September 7, 2024 1:45 AM IST
ഫുട്ബോൾ കരിയറിൽ 900 ഗോൾ എന്ന അത്യപൂർവ നേട്ടത്തിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഒന്നിൽ ക്രൊയേഷ്യക്കെതിരേ 34-ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് സിആർ7 ചരിത്രനേട്ടം സ്വന്തമാക്കിയത്.
ക്ലബ്, രാജ്യാന്തര വേദികളിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടം നേരത്തേ തന്നെ റൊണാൾഡോ സ്വന്തമാക്കിയിരുന്നു. ലോക ഫുട്ബോളിലെ മിസ്റ്റർ ഗോൾ താനാണെന്ന് അടിവരയിട്ടായിരുന്നു റൊണാൾഡോ ക്രൊയേഷ്യക്കെതിരായ മത്സരശേഷം മൈതാനംവിട്ടത്.
നൂനൊ മെൻഡെസിന്റെ ക്രോസിൽ ഗോൾ വരയിൽനിന്ന് ആറു വാര അകലത്തിൽവച്ചു തൊടുത്ത വോളിയിലൂടെയായിരുന്നു റൊണാൾഡോയുടെ 900-ാമത് ഗോൾ. മത്സരത്തിൽ പോർച്ചുഗൽ 2-1നു ജയം സ്വന്തമാക്കി.
കരിയറിൽ ഔദ്യോഗിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയേക്കാൾ 58 ഗോൾ മുന്നിലാണ് റൊണാൾഡോ. കരിയർ ഗോളിൽ റൊണാൾഡോയ്ക്കു പിന്നിൽ 842 ഗോളുമായാണ് മെസി രണ്ടാം സ്ഥാനത്തുള്ളത്. ബ്രസീൽ ഇതിഹാസം പെലെയാണ് (765 ഗോൾ) പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
ലക്ഷ്യം 1000
കരിയറിൽ 1000 ഗോൾ എന്നതാണ് തന്റെ ലക്ഷ്യമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി. അതിനായി എല്ലാദിനവും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. 900 ഗോൾ എന്നത് സാധാരണ നാഴികക്കല്ലാണ്. എന്നാൽ, അതിന്റെ പിന്നിൽ എത്രമാത്വം അധ്വാനമുണ്ടെന്ന് എനിക്കു മാത്രമേ അറിയൂ. എന്റെ കരിയറിലെ ഏറ്റവും നിർണായക നേട്ടമാണിത്. 1000 ഗോൾ എന്നതാണ് എന്റെ മുന്നിൽ ഇനിയുള്ള ചലഞ്ച് - ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം വരവിനിടെ 2021ലാണ് റൊണാൾഡോ കരിയറിൽ 800 ഗോൾ തികയ്ക്കുന്ന ആദ്യ കളിക്കാരൻ എന്ന റിക്കാർഡ് കുറിച്ചത്.
പോർച്ചുഗലിനുവേണ്ടി 209 മത്സരങ്ങളിൽ 131 ഗോളായി റൊണാൾഡോയ്ക്ക്. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരവും ഗോളും റൊണാൾഡോയുടെ പേരിലാണ്. മെസിയും ഇറാൻ മുൻതാരം അലി ദേയിയും 109 ഗോളുമായി രണ്ടാം സ്ഥാനം പങ്കിടുകയാണ്. ക്ലബ് കരിയറിൽ റൊണാൾഡോയ്ക്ക് 769 ഗോളുണ്ട്.
പ്രായം കൂടുന്തോറും...
പ്രായം കൂടുന്തോറും വീര്യം വർധിക്കുന്ന വീഞ്ഞുപോലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നു പറഞ്ഞാൽ തെറ്റില്ല. 17-ാം വയസിൽ പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിലൂടെ പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറിയ സിആർ7 ക്ലബ് തലത്തിലും രാജ്യാന്തര തലത്തിലുമായി 30 വയസ് വരെ നേടിയത് 463 ഗോളായിരുന്നു.
30 വയസ് കഴിഞ്ഞതോടെ ഗിയർ മാറിയ റൊണാൾഡോ, 437 ഗോൾ നേടി. 39 വയസുള്ള റൊണാൾഡോ 2023 ജനുവരി മുതൽ യൂറോപ്യൻ ക്ലബ് ലോകത്തിനു പുറത്താണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്ലബ് + രാജ്യാന്തരം
കരിയർ ഗോൾ 900
ഗോൾ അസിസ്റ്റ് 254
ഹാട്രിക്ക് 66
ഫ്രീകിക്ക് ഗോൾ 64
മാൻ ഓഫ് ദ മാച്ച് 182