അൽകാരസ് ഔട്ട്
Saturday, August 31, 2024 1:30 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക മൂന്നാം നന്പറായ സ്പെയിനിന്റെ കാർലോസ് അൽകരാസ് രണ്ടാം റൗണ്ടിൽ അപ്രതീക്ഷിത തോൽവിയോടെ പുറത്ത്. നെതർലൻഡ്സിന്റെ ബോട്ടിക് വാൻ ഡി സാൻഡ്സ്ചുൽപ്പാണ് അൽകാരസിനെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ചത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അൽകാരസിന്റെ തോൽവി. സ്കോർ: 6-1, 7-5, 6-4. വനിതാ സിംഗിൾസിൽ കസാക്കിസ്ഥാന്റെ എലെന റെബാകിനയും രണ്ടാം റൗണ്ടിൽ പുറത്തായി. നാലാം സീഡായ റെബാകിന പരിക്കിനെത്തുടർന്ന് രണ്ടാം റൗണ്ടിൽനിന്നു പിന്മാറുകയായിരുന്നു.
പുരുഷ സിംഗിൾസിൽ റഷ്യയുടെ ഡാനിൽ മെദ്വദേവ്, അമേരിക്കയുടെ ടോമി പോൾ, ഓസ്ട്രേലിയയുടെ അലക്സ് ഡി മിന്വർ തുടങ്ങിയവർ മൂന്നാം റൗണ്ടിലെത്തി. അതേസമയം, 24-ാം സീഡായ ഫ്രാൻസിന്റെ അർതർ ഫിൽസ് കാനഡയുടെ ഗബ്രിയേൽ ഡിയാല്ലൊയ്ക്കു മുന്നിൽ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ പരാജയപ്പെട്ടു പുറത്തായി. സ്കോർ: 7-5, 6-7 (3-7), 6-4, 6-4.
വനിതാ സിംഗിൾസിൽ ലോക മുൻ ഒന്നാം നന്പറായ ജപ്പാന്റെ നവോമി ഒസാക്ക രണ്ടാം റൗണ്ടിൽ പുറത്തായപ്പോൾ ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാകി മൂന്നാം റൗണ്ടിലെത്തി. റഷ്യയുടെ അനസ്തസ്യ പൗലിചെങ്കോവ, അമേരിക്കയുടെ ജെസിക്ക പെഗുല എന്നിവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.