ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം
Sunday, June 2, 2024 1:17 AM IST
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇന്നു മുതൽ ട്വന്റി-20 മോണിംഗ് ഷോ. ഐസിസി 2024 ട്വന്റി-20 ക്രിക്കറ്റിന് ഇന്ന് ടെക്സസിലെ ഡാളസിൽ ടോസ്. ആതിഥേയരായ യുഎസ്എ അയൽക്കാരായ കാനഡയുമായാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ സമയം രാവിലെ 6.00നാണ് മത്സരം ആരംഭിക്കുക. രാത്രി 8.00ന് ഇന്നത്തെ രണ്ടാം മത്സരം നടക്കും വെസ്റ്റ് ഇൻഡീസും പാപ്പുവ ന്യൂ ഗ്വിനിയയും തമ്മിലാണ് ഈ പോരാട്ടം.
ട്വന്റി-20 ലോകകപ്പിന്റെ ഒന്പതാം എഡിഷനാണ് ഇന്ന് തുടക്കം കുറിക്കുക. യുഎസ്എ മാത്രമല്ല, വെസ്റ്റ് ഇൻഡീസും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാണിതെന്നതും ശ്രദ്ധേയം.
അർധരാത്രിയും മത്സരം
രാവിലെ ആറിനും രാത്രി എട്ടിനും ഇന്ന് മത്സരം നടക്കുന്പോൾ ആരാധകർക്കുണ്ടാകുന്ന സംശയം ലോകകപ്പ് പോരാട്ടങ്ങൾ എല്ലാം ഈ സമയത്തായിരിക്കുമോ എന്നതാണ്. അല്ല എന്നുത്തരം. പുലർച്ചെ 12.30, പുലർച്ചെ 5.00, രാത്രി 9.00, രാത്രി 10.30 എന്നീ സമയങ്ങളിലും ഗ്രൂപ്പ് ഘട്ടത്തിൽ മത്സരങ്ങളുണ്ട്. ഇന്ത്യയുടെ മത്സരങ്ങൾ രാത്രി 8.00നാണ് അരങ്ങേറുക (പ്രാദേശിക സമയം രാവിലെ 10.30).
സൂപ്പർ എട്ട് മത്സരങ്ങളുടെ സമയക്രമം രാവിലെ 6.00, രാത്രി 8.00 എന്നതാണ്. 19 മുതൽ 25വരെയാണ് സൂപ്പർ എട്ട് പോരാട്ടങ്ങൾ. 27ന് സെമിയും 29ന് ഫൈനലും അരങ്ങേറും.
10 വേദികൾ
വെസ്റ്റ് ഇൻഡീസും യുഎസ്എയും സംയുക്തമായി നടത്തുന്ന 2024 ട്വന്റി-20 ലോകകപ്പിൽ 10 വേദികളാണ് ആകെയുള്ളത്. ഫ്ളോറിഡയിലെ സെൻട്രൽ ബ്രൊവാർഡ് പാർക്ക്, ന്യൂയോർക്കിലെ നാസു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ടെക്സസിലെ ഗ്രാൻഡ് പ്രേരി സ്റ്റേഡിയം എന്നിവയാണ് യുഎസ്എയിലുള്ള വേദികൾ.
ഗയാന, സെന്റ് ലൂസിയ, ബാർബഡോസ്, ആൻ്വിഗ & ബർബുഡ, സെന്റ് വിൻസെന്റ് എന്നിവിടങ്ങളിലായി ഓരോ വേദിയും ട്രിനിഡാഡ് ആൻഡ് ടുബാഗൊയിൽ രണ്ടുമാണുള്ളത്. ബാർബഡോസിലെ കെൻസിംഗ്ടണ് ഓവലിലാണ് ഫൈനൽ. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലും ട്രിനിഡാഡ് ആൻഡ് ടുബാഗൊയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയിലുമായി സെമി ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറും.
നാല് ഗ്രൂപ്പ്, 20 ടീം
നാല് ഗ്രൂപ്പുകളിലായി 20 ടീം ഈ ലോകകപ്പിൽ ഏറ്റുമുട്ടും. ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ 20 ടീമുകൾ പങ്കെടുക്കുന്നത് ഇതാദ്യമാണ്. 2022 ലോകകപ്പിൽ 16 ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ എട്ടിലേക്ക് മുന്നേറും. സൂപ്പർ എട്ട് രണ്ട് ഗ്രൂപ്പുകളായാണ്. സൂപ്പർ എട്ട് ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കും.
ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാൻ, അയർലൻഡ്, കാനഡ, യുഎസ്എ
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഓസ്ട്രേലിയ, നമീബിയ, സ്കോട്ലൻഡ്, ഒമാൻ
ഗ്രൂപ്പ് സി: ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപ്പുവ ന്യൂ ഗ്വിനിയ
ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്സ്, നേപ്പാൾ
ലോകകപ്പിൽ ആദ്യം
ഉഗാണ്ട, കാനഡ, യുഎസ്എ ടീമുകളാണ് ഐസിസി ട്വന്റി-20 ലോകകപ്പിലെ പുതുമുഖങ്ങൾ. കാനഡയും ഉഗാണ്ടയും യോഗ്യതാ റൗണ്ട് കടന്നാണ് ലോകകപ്പിനുള്ള കന്നി ടിക്കറ്റ് കരസ്ഥമാക്കിയത്. സഹ ആതിഥേയർ എന്ന നിലയിലാണ് യുഎസ്എയുടെ വരവ്. ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീമിന് സഹ ആതിഥേയർ എന്ന നിലയിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്.
എട്ട് ലോകകപ്പ്, ആറ് ചാന്പ്യന്മാർ
ഇതുവരെ നടന്ന എട്ട് ലോകകപ്പുകളിലായി ആറ് രാജ്യങ്ങൾ ചാന്പ്യൻപട്ടം സ്വന്തമാക്കി. 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പിൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ മുത്തംവച്ചു. 2009 ലോകകപ്പ് പാക്കിസ്ഥാനും സ്വന്തമാക്കി. 2010ൽ ഇംഗ്ലണ്ടും 2012ൽ വെസ്റ്റ് ഇൻഡീസും 2014ൽ ശ്രീലങ്കയും ചാന്പ്യന്മാരായി. 2021ൽ ഓസ്ട്രേലിയയും കിരീടം സ്വന്തമാക്കി. ഇംഗ്ലണ്ടും (2010, 2022) വെസ്റ്റ് ഇൻഡീസും (2012, 2016) രണ്ട് തവണ വീതം ലോകകപ്പുയർത്തി.
9/9
ഐസിസി 2024 ട്വന്റി-20 എഡിഷൻ ഉൾപ്പെടെ ഇതുവരെ നടന്ന ഒന്പത് ലോകകപ്പിലും കളിച്ചത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനും മാത്രം. ഒരുപക്ഷേ, ഇരുവരുടെയും അവസാന ട്വന്റി-20 ലോകകപ്പ് ആയേക്കാം ഇത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റിക്കാർഡും രോഹിത് ശർമയ്ക്കു സ്വന്തം (39). ഷക്കീബ് അൽ ഹസൻ (36) രണ്ടാം സ്ഥാനത്തുണ്ട്.
180 വർഷം ശത്രുത!
ഡാളസ്: ട്വന്റി-20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ കാനഡയും യുഎസ്എയുടെ തമ്മിൽ കൊന്പുകോർക്കുന്പോൾ കുഞ്ഞന്മാരുടെ പോരാട്ടമായി കരുതരുത്. ലോക ക്രിക്കറ്റിലെ ഏറ്റവും പഴക്കമുള്ള വൈരിപ്പോരാട്ടമാണ് കാനഡയും യുഎസ്എയും തമ്മിലുള്ളത് എന്നതാണ് വാസ്തവം. ഓസ്ട്രേലിയ x ഇംഗ്ലണ്ട് ആണ് ഏറ്റവും പഴക്കമുള്ള വൈരിപ്പോരാട്ടം എന്നാണ് വയ്പ്പെങ്കിലും അതിനും മുന്പ് യുഎസ്എയും കാനഡയും ന്യൂയോർക്കിൽ ഏറ്റുമുട്ടിയിരുന്നു. ത്രിദിന മത്സരമായിരുന്നു അതെന്നുമാത്രം. അന്ന് കാനഡ 23 റണ്സിന് യുഎസ്എയെ തോൽപ്പിച്ചു. സ്കോർ: കാനഡ 82, 63. യുഎസ്എ 64, 58.
1844ൽ ആയിരുന്നു യുഎസ്എ x കാനഡ ത്രിദിന മത്സരം. അതേസമയം, 1877ലാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് അരങ്ങേറിയത്. 180 വർഷത്തിനുശേഷം യുഎസ്എയും കാനഡയും ട്വന്റി-20 ലോകകപ്പ് ഉദ്ഘാടന പോരാട്ടത്തിന് ഇറങ്ങും. ഇരുടീമിന്റെയും കന്നി ട്വന്റി-20 ലോകകപ്പ് മത്സരമാണ്. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പര 2-1ന് സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് യുഎസ്എ എത്തുന്നത്. ഇരു ടീമിലും ഇന്ത്യൻ വംശജർ ഉണ്ടെന്നതും ശ്രദ്ധേയം.