ക്യാപ്റ്റൻ രോഹിത് തന്നെ...
Friday, February 16, 2024 3:23 AM IST
മുംബൈ: ഈ വർഷം നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. രാഹുൽ ദ്രാവിഡ് മുഖ്യപരിശീലകനായും തുടരും. രണ്ടാം തവണയാണ് രോഹിത്തിനെ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ നായനായി നിയമിക്കുന്നത്.
2022ൽ രോഹിത്തിനു കീഴിൽ ലോകകപ്പിനിറങ്ങിയ ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റു. അതിനുശേഷം ഇന്ത്യൻ നായകന് ഇന്ത്യയുടെ ട്വന്റി-20 ടീമിൽ ഇടം ലഭിച്ചില്ല. ഈ വർഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരേയാണ് ട്വന്റി-20 പരന്പരയിലാണ് താരം തിരിച്ചെത്തിയത്. 2024 ട്വന്റി-20 ലോകകപ്പ് ജൂണിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കും.
ഐസിസി ലോകകപ്പ് ട്രോഫി നേടാൻ രോഹിത് ശർമയ്ക്കുള്ള അവസാന അവസരമാണ്. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു.
മുൻ നായകൻ വിരാട് കോഹ്ലി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിലുണ്ടാകുമോയെന്ന കാര്യത്തിൽ തീരുമാനമായില്ല. 2022 ട്വന്റി-20 ലോകകപ്പിനുശേഷം ഈ വർഷം അഫ്ഗാനിസ്ഥാനെതിരേയുള്ള പരന്പരയോടെയാണ് കോഹ്ലിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. കോഹ്ലിയുമായി സംസാരിക്കുമെന്ന് സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരേ വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് ആദ്യ മത്സരത്തിൽനിന്നു വിട്ടുനിന്ന മുൻനായകൻ അവസാന രണ്ടു മത്സരങ്ങളിൽ കളിച്ചു. ഇതിനുശേഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരന്പരയിൽ ഉൾപ്പെടുത്തിയെങ്കിലും വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് അവധിയെടുത്തിരിക്കുകയാണ്.
2023 ഏകദിന ലോകകപ്പോടെ കാലാവധി അവസാനിച്ച ദ്രാവിഡ് ട്വന്റി-20 ലോകകപ്പിലും ഇന്ത്യയുടെ പരിശീലകനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ അറിയിച്ചു. അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കുന്ന കാര്യം സർക്കാരിന്റെ തീരുമാനമനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.