സർദാനു സെഞ്ചുറി
Monday, February 5, 2024 1:03 AM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരേയുള്ള ഏക ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ അഫ്ഗാനിസ്ഥാൻ ലീഡിനായി പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 241 റണ്‍സ് ലീഡ് വഴങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റിന് 199 റണ്‍സ് എന്ന നിലയിലാണ്.
ലങ്കയുടെ ലീഡിലേക്കു 42 റണ്‍സ് പിന്നിലാണ് അഫ്ഗാനിസ്ഥാൻ. കന്നി ടെസ്റ്റ് സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ ഇബ്രാഹിം സർദാന്റെ (217 പന്തിൽ 101) മികവിലാണ് അഫ്ഗാൻ പൊരുതുന്നത്. 46 റണ്‍സുമായി റഹ്മത് ഷായും ക്രീസിലുണ്ട്. സ്കോർ: അഫ്ഗാനിസ്ഥാൻ 198, 199/1. ശ്രീലങ്ക 439.
ആറു വിക്കറ്റിന് 410 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച ശ്രീലങ്കയ്ക്ക് 29 റണ്‍സ് കൂടി ചേർക്കുന്നതിനിടെ ബാക്കി വിക്കറ്റുകൾ നഷ്ടമായി. നവീദ് സർദാൻ നാലും നിജാത് മസൂദും ക്വായിസ് അഹമ്മദും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച അഫ്ഗാനായി ഇബ്രാഹിം സർദാനും നൂർ അലി സർദാനും ഓപ്പണിംഗ് കൂട്ടുകെട്ടിൽ 106 റണ്‍സ് നേടി. നൂർ സർദാന്റെ (47) വിക്കറ്റാണ് അഫ്ഗാന് നഷ്ടമായത്.