ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ രണ്ട് പോയിന്റ് വെട്ടിക്കുറച്ചു
Saturday, December 30, 2023 12:26 AM IST
ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് കനത്ത പ്രഹരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യയുടെ രണ്ട് പോയിന്റ് വെട്ടിക്കുറച്ചു.
ഇതോടെ 38.89 പോയിന്റ് ശതമാനവുമായി ആറാം സ്ഥാനത്തായി ഇന്ത്യ. 100 പോയിന്റ് ശതമാനവുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ് (50.00), ഓസ്ട്രേലിയ (50.00), ബംഗ്ലാദേശ് (50.00), പാക്കിസ്ഥാൻ (45.83) ടീമുകളാണ് രണ്ട് മുതൽ അഞ്ച് സ്ഥാനംവരെ.
രോഹിത്തിന്റെ വിമർശനം
400 റണ്സിന്റെ വിക്കറ്റ് അല്ലായിരുന്നു ഒന്നാം ടെസ്റ്റിലേത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ നൽകാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നയിച്ചത് പേസർമാരായ കഗിസൊ റബാഡ, മാർക്കൊ യാൻസണ്, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്സി എന്നിവരായിരുന്നു. ഇന്ത്യയെ രണ്ട് തവണ പുറത്താക്കാൻ ഇവർക്കായി.
ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും മുഹമ്മദ് സിറാജ് (രണ്ട്), ഷാർദുൾ ഠാക്കൂർ (ഒന്ന്), പ്രസിദ്ധ് കൃഷ്ണ (ഒന്ന്) എന്നീ ഇന്ത്യൻ പേസർമാർ നിരാശപ്പെടുത്തി.
ആവേശ് രണ്ടാം ടെസ്റ്റിന്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ ആവേശ് ഖാനെ ഉൾപ്പെടുത്തി. പരിക്കേറ്റ് പുറത്തിരിക്കുന്ന മുഹമ്മദ് ഷമിക്ക് പകരമായാണ് ആവേശ് എത്തുന്നത്. പരന്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നിന് ആരംഭിക്കും.