ടൈറ്റൻസിനെ ഗിൽ നയിക്കും
Tuesday, November 28, 2023 12:46 AM IST
അഹമ്മദാബാദ്: ഐപിഎൽ 2024 ട്വന്റി 20 ക്രിക്കറ്റ് സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ നയിക്കും. ഹാർദിക് പാണ്ഡ്യ മുൻ ക്ലബ് മുംബൈ ഇന്ത്യൻസിലേക്കു തിരികെപ്പോയതിനു പിന്നാലെയാണു ഗുജറാത്ത് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്.
2022-ൽ നായകനായെത്തി ആദ്യ സീസണിൽത്തന്നെ ടീമിനു കിരീടം നേടിക്കൊടുക്കുകയും അടുത്ത സീസണിൽ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാർദിക്കിന്റെ മികവ് ആവർത്തിക്കുക എന്നതായിരിക്കും വരുന്ന സീസണിൽ ഗില്ലിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഇരുപത്തിനാലുകാരനായ ഗിൽ ടൈറ്റൻസിനായി കഴിഞ്ഞ സീസണിൽ 17 ഇന്നിംഗ്സുകളിൽ നിന്ന് 59.33 ശരാശരിയിൽ മൂന്നു സെഞ്ചുറികളും നാല് അർധസെഞ്ചുറികളും സഹിതം 890 റണ്‍സ് നേടി.