ഇന്ന് പാക്കിസ്ഥാൻ നാളെ ദക്ഷിണാഫ്രിക്ക
Monday, October 23, 2023 12:43 AM IST
ചെന്നൈ/മുംബൈ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്നും നാളെയുമായി രണ്ട് വന്പൻ പോരാട്ടങ്ങൾ. സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയുമാണ് ഇന്നും നാളെയുമായി കളത്തിൽ എത്തുന്നത്.
ഇന്ത്യ, ഓസ്ട്രേലിയ ടീമുകളോട് പരാജയപ്പെട്ടശേഷമാണ് പാക്കിസ്ഥാൻ ജയം അനിവാര്യം എന്ന സമ്മർദവുമായി കളിക്കാൻ ഇറങ്ങുക. അതേസമയം, 2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍റേറ്റുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നും.
പാക് x അഫ്ഗാൻ
ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ അയൽക്കാരായ അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്പോൾ ജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും പാക്കിസ്ഥാൻ സംതൃപ്തമാകില്ല. ഇന്ന് ജയിച്ചാൽ മാത്രമേ പാക്കിസ്ഥാന്റെ സെമി ഫൈനൽ സ്വപ്നത്തിനു മങ്ങലേൽക്കാതിരിക്കൂ. ഇന്ത്യക്കെതിരേ ഏഴ് വിക്കറ്റിന്റെയും ഓസ്ട്രേലിയയോട് 62 റണ്‍സിന്റെയും തോൽവി വഴങ്ങിയ ശേഷമാണ് പാക്കിസ്ഥാൻ ഇന്ന് അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്നത്. ക്യാപ്റ്റൻ ബാബർ അസമിന്റെ മോശം ഫോമാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രശ്നം. 5, 10, 50, 18 എന്നിങ്ങനെയാണ് ഈ ലോകകപ്പിൽ ബാബർ അസമിന്റെ സ്കോറുകൾ.
ഇംഗ്ലണ്ടിനെ അട്ടിമറിച്ചവരാണ് അഫ്ഗാൻകാർ. തങ്ങളുടേതായ ദിനങ്ങളിൽ ഏത് വന്പനെയും വീഴ്ത്താൻ കെൽപ്പുള്ളവർ. ഇംഗ്ലണ്ടിനെ 69 റണ്‍സിനു കീഴടക്കിയശേഷം ന്യൂസിലൻഡിനോട് 149 റണ്‍സിന്റെ കൂറ്റൻ തോൽവി വഴങ്ങിയാണ് അഫ്ഗാന്റെ വരവ്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.00 മുതലാണ് പാക്കിസ്ഥാൻ x അഫ്ഗാനിസ്ഥാൻ മത്സരം. ഇതുവരെ ഏഴ് ഏകദിനങ്ങൾ കളിച്ചതിൽ പാക്കിസ്ഥാനെ കീഴടക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടില്ല. എന്നാൽ, അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും ശക്തമായ പോരാട്ടത്തിനുശേഷമാണ് അഫ്ഗാൻ കീഴടങ്ങിയത്.
പ്രോട്ടീസ് x കടുവ
നാളെ ഉച്ചയ്ക്ക് രണ്ടിന് ദക്ഷിണാഫ്രിക്ക തങ്ങളുടെ അഞ്ചാം പോരാട്ടത്തിന് ഇറങ്ങും. അടുപ്പിച്ച് മൂന്ന് തോൽവി വഴങ്ങിയ ബംഗ്ലാദേശാണ് പ്രോട്ടീസിന്റെ എതിരാളികൾ. അഫ്ഗാനിസ്ഥാനെതിരേ മാത്രമാണ് ബംഗ്ലാദേശിന് ഇതുവരെ ജയിക്കാൻ സാധിച്ചത്. ഫോമിലുള്ള ടോപ് ഓർഡർ ബാറ്റർമാരാണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. അഞ്ച് മുൻനിര ബാറ്റർമാരും സെഞ്ചുറി നേടി. ക്വിന്റണ്‍ ഡി കോക്ക് (രണ്ട്), ഹെൻറിച്ച് ക്ലാസൻ, വാൻഡർ ഡുസെൻ, എയ്ഡൻ മാർക്രം എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഇതുവരെ സെഞ്ചുറി നേടിയത്.
ഇംഗ്ലണ്ടിനെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് തള്ളിവിട്ടശേഷമാണ് ദക്ഷിണാഫ്രിക്ക നാളെ ബംഗ്ലാദേശിനെതിരേ ഇറങ്ങുന്നത്.