ശുഭ്മാൻ ഗില്ലിന് ഇരട്ടസെഞ്ചുറി ; ഇന്ത്യക്ക് 12 റൺസ് ജയം
Thursday, January 19, 2023 12:29 AM IST
ഹൈദരാബാദ്: കോണ്ഫിഡൻസിന്റെ ആൾരൂപമായി ബാറ്റേന്തിയ ശുഭ്മാൻ ഗിൽ ഇരട്ടസെഞ്ചുറിയുമായി തകർത്തടിച്ചപ്പോൾ ന്യൂസിലൻഡിന്റെ ബൗളർമാർ ക്ഷീണിച്ചവശരായി. ലോക്കി ഫെർഗൂസനെ ലോംഗ് ഓണിലൂടെ സിക്സർ പറത്തിയായിരുന്നു ഗിൽ ഇരട്ടസെഞ്ചുറി തികച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
149 പന്ത് നേരിട്ട് ഒന്‍പത് സിക്സും 19 ഫോറും അടക്കം 208 റണ്‍സ് നേടിയ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവത്തിൽ റിക്കാർഡുകളും കടപുഴകി. ഇന്ത്യ 12 റൺസിന്റെ ജയം കുറിച്ച മത്സരത്തിൽ ഗില്ലാണ് പ്ലെയർ ഓഫ് ദ മാച്ച്.
ഇന്ത്യൻ ഇന്നിംഗ്സിൽ വേറൊരു ബാറ്ററും അർധസെഞ്ചുറിപോലും നേടിയില്ല എന്നതും ശ്രദ്ധേയം. 34 റണ്‍സ് നേടിയ രോഹിത് ശർമയാണ് രണ്ടാമത്തെ ഉയർന്ന സ്കോറുകാരൻ. നേരിട്ട 145-ാം പന്ത് സിക്സർ പറത്തിയായിരുന്നു ഗില്ലിന്റെ ഇരട്ടസെഞ്ചുറി.
23 വയസ് 132 ദിനം
ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ബാറ്റർ എന്ന റിക്കാർഡ് കുറിച്ചായിരുന്നു ഗില്ലാട്ടം. ഇന്നലെ ഇരട്ടസെഞ്ചുറി കുറിച്ചപ്പോൾ 23 വയസും 132 ദിനവും പ്രായമായിരുന്നു ശുഭ്മാൻ ഗില്ലിന്. ബംഗ്ലാദേശിനെതിരേ 2022 ഡിസംബർ 10ന് ഇരട്ടസെഞ്ചുറിയിലൂടെ ഇഷാൻ കിഷൻ (24 വയസും 145 ദിനവും) കുറിച്ച റിക്കാർഡാണ് ശുഭ്മാൻ ഗിൽ തകർത്തത്.
ന്യൂസിലൻഡിനെതിരേ ഏകദിന ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമാണ് ശുഭ്മാൻ ഗിൽ. 1999ൽ സച്ചിൻ തെണ്ടുൽക്കർ പുറത്താകാതെ നേടിയ 186 റണ്‍സ് ആയിരുന്നു ന്യൂസിലൻഡിനെതിരായ ഏതെങ്കിലുമൊരു ബാറ്ററുടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ. സച്ചിനും ഹൈദരാബാദിലായിരുന്നു 186* നേടിയതെന്നതും ശ്രദ്ധേയം.
19 ഇന്നിംഗ്സ്, 1000 റണ്‍സ്
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന റിക്കാർഡിലും ശുഭ്മാൻ ഗിൽ എത്തി. 19-ാം ഇന്നിംഗ്സിൽ ഗിൽ 1102 റണ്‍സിലെത്തി. 24 ഇന്നിംഗ്സിൽ 1000 റണ്‍സ് തികച്ച വിരാട് കോഹ്ലിയും ശിഖർ ധവാനും പങ്കിട്ടിരുന്ന റിക്കാർഡാണ് ഗിൽ തന്റെ പേരിലേക്ക് ചേർത്തത്.
രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 1000 റണ്‍സ് എന്നതിൽ രണ്ടാം സ്ഥാനത്തും ഗിൽ എത്തി. 18 ഇന്നിംഗ്സിൽ 1000 തികച്ച പാക്കിസ്ഥാന്റെ ഫഖാർ സമാന്റെ പേരിലാണ് റിക്കാർഡ്. 19 ഇന്നിംഗ്സിൽ ഈ നേട്ടത്തിലെത്തിയ പാക്കിസ്ഥാന്റെ ഇമാം ഉൾ ഹഖിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ശുഭ്മാൻ ഗിൽ.
ബ്രെയ്സ്വെൽഡണ്
ഇന്ത്യ മുന്നോട്ടുവച്ച 350 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലൻഡിന്റെ മുൻനിരക്കാർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ഡെവോണ്‍ കോണ്‍വെ (10), ഹെൻറി നിക്കോൾസ് (18), ഡാരെൽ മിച്ചൽ (9), ടോം ലാഥം (24), ഗ്ലെൻ ഫിലിപ്പ്സ് (11) എന്നിവരെല്ലാം അതിവേഗം മടങ്ങി. ഫിൽ അലിൻ (40) മാത്രമായിരുന്നു അൽപമെങ്കിലും പിടിച്ചുനിന്നത്.
ആറിന് 131 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച മൈക്കിൾ ബ്രെയ്സ്വെല്ലും മിച്ചൽ സാന്റ്നറും ഇന്ത്യൻ ക്യാന്പിൽ ആശങ്കപരത്തി. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 102 പന്തിൽ 162 റണ്‍സ് അടിച്ചുകൂട്ടി. 45 പന്തിൽ 57 റണ്‍സ് നേടിയ സാന്റ്നറിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 78 പന്തിൽ 10 സിക്സും 12 ഫോറും അടക്കം 140 റൺസ് നേടിയ ബ്രെയ്സ്വെല്ലിനെ 50-ാം ഓവറിന്റെ രണ്ടാം പന്തിൽ വിക്കറ്റിനു മുന്നിൽ കുടുക്കി ഷാർദുൾ ഠാക്കൂറാണ് ഇന്ത്യക്ക് വിജയ നിമിഷം സമ്മാനിച്ചു.
ഡബിൾ ഇന്ത്യ...
രാജ്യാന്തര പുരുഷ ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി ഇന്ത്യയുടെ കുത്തകയോ...? ചോദ്യം ന്യായമാണ്. കാരണം, ഏകദിന ക്രിക്കറ്റിൽ ഇതുവരെ പിറന്നത് ആകെ 10 ഇരട്ടസെഞ്ചുറി. അതിൽ ഏഴ് എണ്ണവും ഇന്ത്യക്ക് അവകാശപ്പെട്ടതും. 2010 ഫെബ്രുവരി 24ന് ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറാണ് ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറി കുറിച്ചത്.
സച്ചിൻ തെളിച്ച പാതയിലൂടെ ഇരട്ടസെഞ്ചുറി ആഘോഷിക്കുന്ന അഞ്ചാമത് ഇന്ത്യൻ ബാറ്ററാണ് ശുഭ്മാൻ ഗിൽ. സച്ചിൻ, വിരേന്ദർ സെവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നിവരാണ് ഗില്ലിനു മുന്‍പ് ഇരട്ടസെഞ്ചുറി തികച്ച ഇന്ത്യൻ ബാറ്റർമാർ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (208*, 209, 264) മൂന്ന് ഇരട്ടസെഞ്ചുറി നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയം. രോഹിത്തിന്റെ പേരിലാണ് (264) ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡ്.
ഇന്ത്യൻ താരങ്ങളല്ലാതെ ഇരട്ടസെഞ്ചുറി നേടിയത് ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ (237*, 2015ൽ), വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ (215, 2015ൽ), പാക്കിസ്ഥാന്റെ ഫഖാർ സമാൻ (210*, 2018ൽ) എന്നിവർ മാത്രം.
ഇന്ത്യൻ ഇരട്ടസെഞ്ചുറി
ബാറ്റർ, വർഷം, സ്കോർ
സച്ചിൻ തെണ്ടുൽക്കർ 2010 200
വിരേന്ദർ സെവാഗ് 2011 219
രോഹിത് ശർമ 2013 209
രോഹിത് ശർമ 2014 264
രോഹിത് ശർമ 2017 208
ഇഷാൻ കിഷൻ 2022 210
ശുഭ്മാൻ ഗിൽ 2023 208