ഷിനവത്രയുമായി മോദി കൂടിക്കാഴ്ച നടത്തി
Friday, April 4, 2025 2:26 AM IST
ബാങ്കോക്ക്: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തായ് ലൻഡ് സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തിലേക്ക് ഉയർത്താൻ ധാരണയായി.
രണ്ടു രാജ്യങ്ങളും ഇന്തോ-പസിഫിക് മേഖലയിൽ തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ചട്ടങ്ങളിൽ അധിഷ്ഠിതവുമായ വികസന ക്രമമാണ് ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു. മോദിയും തായ് ലാൻഡ് പ്രധാനമന്ത്രി പെയ്തോങ്താൻ ഷിനാവത്രയും ചേർന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തായ് ലൻഡും തമ്മിൽ വിനോദസഞ്ചാരം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സാധ്യമായേക്കാവുന്ന സഹകരണത്തെ സംബന്ധിച്ചും ചർച്ച ചെയ്തു. വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിൽ തായ് ലൻഡിനു പ്രത്യേക സ്ഥാനം തന്നെയുണ്ട്. സുരക്ഷാ ഏജൻസികൾ തമ്മിലുള്ള സഹകരണവും പരിഗണയിലുണ്ട്. ആസിയാൻ രാജ്യങ്ങളുടെ ഒരുമയെ താൻ പിന്തുണയ്ക്കുന്നതായും മോദി പറഞ്ഞു.
ഇന്ത്യയും തായ് ലൻഡും തമ്മിൽ മതപരമായും സാംസ്കാരികമായും ഭാഷാപരമായും വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നതെന്നും പറഞ്ഞ അദ്ദേഹം, തന്റെ സന്ദർശന വേളയിൽ രാമായണ ചുവർ ചിത്രങ്ങളെ ആസ്പദമാക്കി തായ്ലൻഡ് പ്രത്യേക തപാൽ സ്റ്റാന്പ് പുറത്തിറക്കിയതിന് നന്ദിയും പറഞ്ഞു.