ബഹിരാകാശത്തുനിന്ന് ഇന്ത്യയെ കണ്ടാൽ സാരേ ജഹാം സേ അച്ഛാ: സുനിത വില്യംസ്
Wednesday, April 2, 2025 12:07 AM IST
ന്യൂയോർക്ക്: ബഹിരാകാശത്തുനിന്നു നോക്കിയാലും ഇന്ത്യ, ‘സാരേ ജഹാം സേ അച്ഛാ’. മുകളിൽനിന്നു നോക്കിക്കണ്ട ഇന്ത്യയുടെ വിസ്മയത്തെ വിവരിച്ച് ഇന്ത്യന്‍ വംശജയായ ബഹിരാകാശ പര്യവേക്ഷക സുനിത വില്യംസ്. ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികൻ രാകേഷ് ശർമ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു നൽകിയ മറുപടിയാണ് സുനിതയും പങ്കുവച്ചത്.
രാകേഷ് ശർമയോട് മുകളിൽനിന്നു നോക്കുമ്പോൾ ഇന്ത്യ എങ്ങനെയുണ്ടെന്നായിരുന്നു ഇന്ദിരയുടെ ചോദ്യം. രാകേഷ് ശർമ ഉടനെ മറുപടി നൽകി-സാരേ ജഹാം സേ അച്ഛാ.
ബഹിരകാശത്തുനിന്നുള്ള ഇന്ത്യയുടെ കാഴ്ചയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാകേഷ് ശർമയുടെ മറുപടി സുനിത ഓർത്തെടുക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് തിരികെ എത്തിയശേഷം സഹയാത്രികൻ ബുച്ച് വിൽമോറുമൊത്തുള്ള ആദ്യ വാർത്താ സമ്മേളനത്തിലായിരുന്നു സുനിതയുടെ പ്രതികരണം.
താൻ ഇന്ത്യ സന്ദർശിക്കുമെന്നും ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അവർ പറഞ്ഞു.
“ബഹിരാകാശത്തിൽനിന്നുള്ള ഇന്ത്യയുടെ കാഴ്ച അതിശയകരമായിരുന്നു. ഓരോ തവണ ഹിമാലയത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ ബുച്ച് അവിശ്വസനീയമായ ചിത്രങ്ങൾ പകർത്തുമായിരുന്നു, അതിമനോഹരമായവ’’-സുനിത പറഞ്ഞു.
മത്സ്യബന്ധന ബോട്ടുകളുടെ നിരയും രാത്രികാലത്ത് ഇന്ത്യയിലെ ചെറുതും വലുതുമായ പട്ടണങ്ങളില്‍ തെളിയുന്ന വിളക്കുകളും പകല്‍ സമയത്ത് ഹിമാലയക്കാഴ്ചയും ഇന്ത്യയിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോകുന്നതായി അനുഭവപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു.
ബഹിരാകാശനിലയത്തിൽനിന്നും മടങ്ങാൻ കഴിയാതെവന്ന പിഴവിന് തങ്ങളും ഭാഗികമായി ഉത്തരവാദികളാണെന്ന് സുനിതയും വിൽമോറും പറഞ്ഞു. സ്റ്റാർലൈനർ വാഹനത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും യാത്ര ചെയ്യാൻ തയാറാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.
ഇരുവരെയും വഹിച്ച് ബഹിരാകാശനിലയത്തിലെത്തിയ സ്റ്റാർലൈനറിനു സാങ്കേതിക തകരാറുകളുണ്ടായതിനെത്തുടർന്നു നാസ ആളില്ലാതെ തിരികെ എത്തിക്കുകയായിരുന്നു.