ഗാസയിൽ എട്ട് റെഡ് ക്രസന്റ് ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
Tuesday, April 1, 2025 1:17 AM IST
കയ്റോ: ഒരാഴ്ച മുന്പ് ഗാസയിൽ കൊല്ലപ്പെട്ട റെഡ് ക്രസന്റ് ജീവനക്കാരിൽ എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരാളുടെ മൃതദേഹംകൂടി കണ്ടെത്താനുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു.
ഇതേ സ്ഥലത്തുനിന്ന് ആറ് സിവിൽ ഡിഫൻസ് അംഗങ്ങളുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തിയെന്നും ഇസ്രേലി സേനയാണ് ഇവരെ ആക്രമിച്ചതെന്നും പലസ്തീൻ റെഡ് ക്രസന്റിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം, റെഡ് ക്രോസിന്റെ അറിയിപ്പിൽ ആക്രമണം നടത്തിയതാരാണെന്നു വ്യക്തമാക്കുന്നില്ല.
മാർച്ച് 23നാണ് ഇവർ കൊല്ലപ്പെട്ടത്. മുന്നറിയിപ്പു നല്കാതെയും എമർജൻസി സിഗ്നൽ ഇല്ലാതെയും വന്ന ആംബുലൻസുകൾക്കും ഫയർ എൻജിനുകൾക്കും നേർക്കാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി സേന അറിയിച്ചു.
ഒട്ടേറെ ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരവാദികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീകരവാദികൾ ആംബുലൻസുകൾ പോലുള്ള സിവിലിയൻ സംവിധാനങ്ങൾ ദുരുപയോഗിക്കുന്നതിനെ അപലപിക്കുന്നതായും ഇസ്രയേൽ പറഞ്ഞു.