മലേഷ്യൻ എയർലൈൻസ്: പത്തു വർഷത്തിനു ശേഷം തെരച്ചിൽ നിർത്തി
Friday, April 4, 2025 12:56 AM IST
ക്വാലാലംപുർ: പത്തുവർഷം മുന്പ് 239 പേരുമായി കാണാതായ മലേഷ്യൻ എയർലൈൻസ് യാത്രാവിമാനത്തിനായുള്ള തെരച്ചിൽ നിർത്തിവച്ചതായി മലേഷ്യ അറിയിച്ചു. സമയം അനുകൂലമല്ലാത്തതാണു കാരണമെന്നു ഗതാഗത മന്ത്രി ആന്റണി ലോകി പറഞ്ഞു. ഡിസംബറിൽ തെരച്ചിൽ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2014 മാർച്ച് എട്ടിന് ക്വാലാലംപുരിൽനിന്നു ചൈനയിലെ ബെയ്ജിംഗിലേക്കു പറന്ന വിമാനം ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലായിരിക്കവേ റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും ചൈന, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യക്കാരായിരുന്നു.
വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹ തിരോധാനങ്ങളിലൊന്നായി കണക്കാക്കുന്ന സംഭവത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായി വന്പൻ തെരച്ചിലാണു നടത്തിയത്.
ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ 1.2 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശം പരിശോധിച്ചെങ്കിലും വിമാനത്തിന്റേതെന്നു കരുതുന്ന ചില ചെറിയ അവശിഷ്ടങ്ങളല്ലാതെ ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഓഷൻ ഇൻഫിനിറ്റി എന്ന സംഘടന നടത്തിയ തെരച്ചിലും ഫലം കണ്ടില്ല.
ഓഷൻ ഇൻഫിനിറ്റി തന്നെയാണ് ഡിസംബറിൽ തെരച്ചിൽ പുനരാരംഭിക്കുക.