മൂത്രം കുടിച്ചു ജീവിച്ചത് അഞ്ചുദിവസം; ഭൂകന്പത്തിന്റെ അഞ്ചാംദിനം രക്ഷപ്പെടൽ
Friday, April 4, 2025 12:56 AM IST
യാങ്കോൺ: മ്യാൻമർ ഭൂകന്പമുണ്ടായി അഞ്ചാം ദിനം അധ്യാപകനെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു രക്ഷപ്പെടുത്തി. സ്കൂൾ പാഠങ്ങളും സ്വന്തം മൂത്രവുമാണു തന്റെ ജീവൻ നിലനിർത്തിയതെന്നു നാല്പത്തേഴുകാരനായ ടിൻ മാവുംഗ് പറഞ്ഞു.
പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററായ ഇദ്ദേഹം പരിശീലന കോഴ്സിനായി ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ സാഗെയിംഗ് നഗരത്തിലെത്തിയതായിരുന്നു. ഭൂകന്പമുണ്ടാകുന്പോൾ ഇദ്ദേഹം ഹോട്ടലിലെ താഴത്തെ നിലയിലുള്ള മുറിയിലായിരുന്നു.
കെട്ടിടം കുലുങ്ങിത്തുടങ്ങിയപ്പോൾ സ്കൂളിൽ പഠിപ്പിച്ചിരുന്ന പാഠങ്ങൾ ഓർമ വന്നു. അതു പ്രകാരം കിടയ്ക്കയ്ക്കടിയിൽ അഭയം തേടി. തൊട്ടു പിന്നാലെ ഹോട്ടൽ മുഴുവൻ ഇടിഞ്ഞു മുകളിലേക്കുവീണു.
ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നുവെന്നു തോന്നിത്തുടങ്ങിയപ്പോൾ സ്വന്തം മൂത്രം കുടിച്ചു. കൂടെക്കൂടെ ‘രക്ഷിക്കണേ’ എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
മേഖലയിൽ തെരച്ചിൽ നടത്തുന്ന മ്യാൻമർ റെഡ് ക്രോസ് ടീമാണു ബുധനാഴ്ച ടിൻ മാവുംഗിനെ കണ്ടെത്തിയത്. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനിടെ ആരെയെങ്കിലും ജീവനോടെ കണ്ടെത്തുന്ന പ്രതീക്ഷ തെരച്ചിൽ സംഘത്തിനില്ലായിരുന്നു. ടിൻ മാവുംഗിനു ജീവനുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ രക്ഷാപ്രവർത്തകർക്കും വലിയ സന്തോഷമായി. ഇദ്ദേഹത്തെ സാഗെയിംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജീവനോടെ രക്ഷപ്പെട്ടതിൽ ടിൻ മാവുംഗ് വലിയ സന്തോഷവാനാണ്. വീണ്ടും സ്കൂളിൽ പഠിപ്പിക്കാൻ പോകണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ചിലപ്പോൾ ബുദ്ധസന്യാസി ആയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.