പലസ്തീൻ യുവാവിനെ ഹമാസ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തി
Friday, April 4, 2025 2:26 AM IST
ജറുസലേം: തങ്ങളെ വിമർശിക്കുകയും തങ്ങൾക്കെതിരായ പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കുകയും ചെയ്ത പലസ്തീൻ യുവാവിനെ ഹമാസ് ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തി. ഉഡായ് റാബി (20) എന്നയാളാണു കൊല്ലപ്പെട്ടത്.
ഹമാസിന്റെ മിലിട്ടറി വിഭാഗമായ അൽ -ഖ്വാസാം ബ്രിഗേഡ്സിൽപ്പെട്ട സായുധരായ പോരാളികൾ കഴിഞ്ഞയാഴ്ച വീട്ടിലെത്തി ഉഡായിനെ ഗാസാ സിറ്റിയിലെ പ്രാന്തപ്രദേശമായ താൽ അൽ-ഹാവായിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരൻ ഹസൻ റാബി പറഞ്ഞു.
ഉഡായ് റാബിയെ കാണിച്ചുതരാമെന്നു കഴിഞ്ഞദിവസം ഭീകരർ പറഞ്ഞതനുസരിച്ച് എത്തിയപ്പോൾ അർധനഗ്നായി ദേഹമാസകലം മുറിവുകളേറ്റ് മരിച്ചുകിടക്കുന്ന നിലയിലാണു കാണാനായതെന്നും ഹസൻ പറഞ്ഞു.
ദേഹം കയറുകൊണ്ട് ബന്ധിച്ചിരുന്നു. ക്രൂരമായി മർദിച്ചശേഷം കയറുകൊണ്ട് കെട്ടി റോഡിലൂടെ ആളുകൾ കാൺകേ വലച്ചിഴയ്ക്കുകയും ചെയ്തു. തങ്ങളെ വിമർശിച്ചാൽ ഇതായിരിക്കും മറുപടിയെന്ന് ഭീഷണി മുഴക്കിയെന്നും ഹസൻ റാബി പറഞ്ഞു.
ഒരു മാസം മുന്പ് സഹോദരനും ഹമാസ് ഭീകരരും തമ്മിൽ പരസ്യമായ വാക്കുതർക്കം ഉണ്ടായെന്നും ഹമാസിന്റെ ചെയ്തികളെ സഹോദരൻ പരസ്യമായി വിമർശിച്ചിരുന്നുവെന്നും ഹസൻ റാബി കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഹമാസിനെതിരേ നടന്ന പ്രകടനത്തിൽ ഉഡായ് റാബിയും മുൻനിരയിലുണ്ടായിരുന്നു.