ഇന്ത്യ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കും: ഡോണൾഡ് ട്രംപ്
Wednesday, April 2, 2025 2:22 AM IST
ന്യൂയോർക്ക്: ഇറക്കുമതിച്ചുങ്കം ഇന്ത്യ ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വർഷങ്ങളായി യുഎസിൽനിന്ന് അന്യായമായി നികുതി ഈടാക്കിവരുന്നതിനാൽ ഒട്ടേറെ രാജ്യങ്ങൾ നികുതി കുറച്ചേക്കുമെന്നാണ് കരുതുന്നതെന്ന് ട്രംപ് പറഞ്ഞു. കാറിന്റെ കാര്യത്തിൽ നിങ്ങൾ യൂറോപ്യൻ യൂണിയനെ നോക്കുകയാണെങ്കിൽ അവർ ഇതിനകം നികുതിയിൽ 2.5 ശതമാനം കുറവ് വരുത്തിക്കഴിഞ്ഞുവെന്നും ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ഇറക്കുമതിച്ചുങ്കം ഇന്ത്യ ഗണ്യമായി കുറയ്ക്കാൻ പോകുന്നുവെന്നാണ് കേട്ടത്. എന്തുകൊണ്ട് ഇത് നേരത്തേ ചെയ്തില്ല എന്ന് ചോദിച്ച അദ്ദേഹം ഇന്ത്യക്കു പുറമേ മറ്റ് രാജ്യങ്ങളും നികുതി കുറയ്ക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.
കൂടുതൽ ഇറക്കുമതി നികുതി ഈടാക്കുന്ന രാജ്യങ്ങൾക്കെതിരേ ട്രംപ് പ്രഖ്യാപിച്ച പകരം നികുതി ഇന്നു മുതൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ഇതേത്തുടർന്ന് നികുതിയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചത്.
അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ നൂറുശതമാനം ഇറക്കുമതി ചുങ്കം ഈടൗക്കുന്നതായി ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുന്‍പ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് ആരോപിച്ചിരുന്നു.
ചില രാജ്യങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കയെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും ജപ്പാനും ഉൾപ്പെടെ രാജ്യങ്ങൾ ഈടാക്കുന്ന നികുതിയുടെ പട്ടികയും അവർ പുറത്തുവിട്ടു.