മസ്ക് ലോക സന്പന്നൻ, ഇന്ത്യയിൽ ഒന്നാമത് മുകേഷ് അംബാനി, ട്രംപ് 700-ാം സ്ഥാനത്ത്
Thursday, April 3, 2025 12:13 AM IST
ന്യൂയോർക്ക്: അതിസന്പന്നരുടെ ആസ്ഥാനമെന്ന പദവി അമേരിക്ക നിലനിർത്തി. ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഈ വർഷത്തെ ബില്യണയർ (നൂറു കോടി ഡോളർ ആസ്തിയുള്ളവർ) പട്ടികയിൽ 902 പേരുമായി അമേരിക്ക ഒന്നാം സ്ഥാനത്തു തുടരുന്നു.
ചൈനയ്ക്കു പിന്നിൽ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. ലോകത്തെന്പാടുമുള്ള മൂവായിരത്തിലധികം വരുന്ന ശതകോടീശ്വരന്മാരുടെ ആസ്തി 16.1 ലക്ഷം കോടി ഡോളർ വരും.
10,000 കോടി ഡോളറിനു മുകളിൽ ആസ്തിയുള്ള 15 പേരിൽ 13ഉം അമേരിക്കക്കാരാണ്. ടെസ്ല, സ്പേസ് എക്സ് കന്പനികളുടെ തലവൻ ഇലോൺ മസ്ക് (34,200 കോടി ഡോളർ), ഫേസ് ബുക്കിന്റെ മാർക്ക് സുക്കർബെർഗ് (21,600 കോടി ഡോളർ), ആമസോൺ മേധാവി ജെഫ് ബെസോസ് (21,500 കോടി ഡോളർ) എന്നിങ്ങനെ ലോകത്തെ ആദ്യ മൂന്ന് അതിസന്പന്നർ അമേരിക്കക്കാരാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 510 കോടി ഡോളറുമായി 700-ാം സ്ഥാനത്തുണ്ട്.
ചൈനയിൽ 450 ശതകോടീശ്വരന്മാരാണുള്ളത്. ബൈറ്റ്ഡാൻസിന്റെ ഉടമ ഷാംഗ് യിമ്മിംഗ് (6,550 കോടി ഡോളർ) ആണ് ചൈനയിലെ ഏറ്റവും വലിയ സന്പന്നർ.
ഇന്ത്യയിൽ 205 ശതകോടീശരന്മാരുണ്ട്. കഴിഞ്ഞവർഷം 200 പേരാണുണ്ടായിരുന്നത്. 9,250 കോടി ഡോളറുമായി മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സന്പന്നൻ. ആഗോളതലത്തിൽ മുകേഷിന് 18-ാം സ്ഥാനമാണ്. 5,630 കോടി ഡോളറുള്ള ഗൗതം അദാനിയാണ് ഇന്ത്യയിലെ രണ്ടാമത്തെ സന്പന്നൻ.
ജർമനി (171 ശതകോടീശ്വരന്മാർ), റഷ്യ (140), കാനഡ, 76), ഇറ്റലി (74), ഹോങ്കോംഗ് (66), ബ്രസീൽ (56), ബ്രിട്ടൻ (55) എന്നീ രാജ്യങ്ങളാണ് സന്പന്നരുടെ എണ്ണത്തിൽ നാലു മുതൽ പത്തു വരെ സ്ഥാനങ്ങളിൽ.