ബംഗ്ലാ കലാപം നയിച്ച വനിതാ വിദ്യാർഥി നേതാക്കൾക്ക് അമേരിക്കയുടെ ആദരം
Tuesday, April 1, 2025 1:17 AM IST
ന്യൂയോർക്ക്: ബംഗ്ലാദേശിൽ കലാപത്തിലൂടെ ഷേഖ് ഹസീന ഭരണകൂടത്തെ അട്ടിമറിച്ച വനിതാ വിദ്യാർഥി നേതാക്കൾക്ക് അമേരിക്കയുടെ ആദരം.
മഡലീൻ ആൽബ്രൈറ്റ് ഓണററി ഗ്രൂപ്പ് പുരസ്കാരമാണ് കലാപത്തിനു നേതൃത്വം നൽകിയ വനിതാ വിദ്യാർഥി നേതാക്കൾക്ക് നൽകുന്നത്. ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയുടെ പേരിലുള്ളതാണ് പുരസ്കാരം.
ഇന്റർനാഷണൽ വിമൻ ഓഫ് കറേജ് അവാർഡ് ദാന ചടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രഥമ വനിത മെലാനിയ ട്രംപ് എന്നിവർ പുരസ്കാരം നല്കും. ഹസീന ഭരണകൂടത്തിനെതിരായ കലാപത്തിൽ വനിതാ നേതാക്കൾ പ്രധാന ചാലകശക്തികളായിരുന്നെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
പുരുഷ പ്രതിഷേധക്കാക്കൊപ്പം സുരക്ഷാസേനയെ നേരിട്ട വിദ്യാർഥിനികൾ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു. പുരുഷ സഹപ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ, ഇന്റർനെറ്റ് പൂർണമായും റദ്ദാക്കിയപ്പോഴും ആശയവിനിമയം തുടരാനും പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകാനും ഇവർ നൂതനമായ വഴി കണ്ടെത്തിയെന്നും പ്രസ്താവനയിൽ പറയുന്നു.