മോദി-യൂനുസ് കൂടിക്കാഴ്ച നാളെ ബാങ്കോക്കിൽ
Thursday, April 3, 2025 3:10 AM IST
ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസും തമ്മിൽ തായ്ലൻഡിലെ ബാങ്കോക്കിൽ നാളെ ഉഭയകക്ഷിചർച്ച നടത്തും.
ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ഇരുനേതാക്കളും ബാങ്കോക്കിൽ എത്തുന്നത്. കൂടിക്കാഴ്ച ഉറപ്പായും നടക്കുമെന്ന് ധാക്കയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഷേക്ക് ഹസീന സർക്കാരിന്റെ പതനത്തെത്തുടർന്ന് സൈന്യത്തിന്റെ പിന്തുണയോടെ കഴിഞ്ഞവർഷം ഓഗസ്റ്റ് എട്ടിനാണ് യൂനുസ് ഇടക്കാല സർക്കാരിന്റെ തലവനായി അധികാരമേറ്റത്. കൂടിക്കാഴ്ചയ്ക്കു സന്നദ്ധതയറിയിച്ച് ബംഗ്ലാദേശ് നേരത്തേ ഇന്ത്യയെ സമീപിച്ചിരുന്നു.
കഴിഞ്ഞദിവസം ചൈനീസ് സന്ദർശനത്തിൽ മുഹമ്മദ് യൂനുസ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാമർശമാണു വാവിട്ട പരാമർശമായത്.
ഇന്ത്യയിലെ ഏഴ് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടതാണെന്നും അവര്‍ക്ക് സമുദ്രത്തിലേക്ക് എത്താന്‍ ഒരുവഴിയുമില്ലെന്നായിരുന്നു പരാമർശം. മേഖലയിൽ ബംഗ്ലാദേശിനാണു കടലിൽ കൂടുതൽ പ്രാമുഖ്യമുള്ളതെന്നും അതിനാൽ സഹകരണത്തിലൂടെ ചൈനയ്ക്കു സന്പദ്ഘടന വികസിപ്പിക്കാമെന്നും യൂനുസ് പറഞ്ഞിരുന്നു.
ബംഗ്ലാദേശ് നിലപാടിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബംഗാള്‍ ഉള്‍ക്കടലിനു സമീപമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റിക്കില് ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, ഭൂട്ടാന്, മ്യാന്മര്, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്ഡ് എന്നീ രാജ്യങ്ങളും അംഗങ്ങളാണ്.