മ്യാൻമറിൽ മരണം 2700
Wednesday, April 2, 2025 2:22 AM IST
ബാങ്കോക്ക്: മ്യാൻമറിൽ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 2719 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണു റിപ്പോർട്ട്. 91 മണിക്കൂറിനുശേഷം അറുപത്തിമൂന്നുകാരിയെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ഇന്നലെ രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും തുടരുകയാണെങ്കിലും ആളുകളെ ജീവനോടെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ അസ്തമിച്ചുതുടങ്ങി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്. ശുദ്ധജലം, ഭക്ഷണം, മരുന്ന് എന്നിവയുടെ അഭാവംമൂലം ജനം യാതനയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭൂകന്പത്തിൽ 441 പേരെ കാണാതായി. അയ്യായിരത്തോളം പേർക്കു പരിക്കേറ്റു. പതിനായിരത്തിലേറെ കെട്ടിടങ്ങൾ നിലംപൊത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അയൽരാജ്യമായ തായ്ലൻഡിൽ 21 പേരാണു മരിച്ചത്.
ഭൂകന്പത്തിലുണ്ടായ വ്യാപക നാശനഷ്ടങ്ങളുടെ ഉപഗ്രഹചിത്രം ഇന്നലെ ഐഎസ്ആർഒ പുറത്തുവിട്ടു. എർത്ത് ഇമേജിംഗ് ഉപഗ്രഹമായ കാർട്ടോസാറ്റ്-3 ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്.