മലേഷ്യൻ നഗരത്തെ വിറപ്പിച്ച് വൻ അഗ്നിബാധ
Wednesday, April 2, 2025 12:07 AM IST
ക്വാലാലംപൂർ: മലേഷ്യയിലെ പെട്രോനാസ് ഗ്യാസ് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് നഗരത്തിൽ ഇന്നലെ ആളിപ്പടർന്ന തീ വീടുകളടക്കം നിരവധി കെട്ടിടങ്ങളെ വിഴുങ്ങി.
49 വീടുകൾക്കു കേടുപാടുകൾ സംഭവിക്കുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. പൊള്ളലേറ്റ 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുട്ര ഹൈറ്റ്സിലെ ഗ്യാസ് സ്റ്റേഷന് സമീപത്തുനിന്ന് ആകാശത്തേക്കുയർന്ന തീജ്വാല കിലോമീറ്ററുകൾക്ക് അകലെനിന്നു ദൃശ്യമായിരുന്നു. രാവിലെ 8.10ന് ഒരു പൈപ്പ് ലൈനിലാണ് അഗ്നിബാധ ആരംഭിച്ചതെന്നു പെട്രോനാസ് കന്പനി അറിയിച്ചു.
മുൻകരുതലെന്ന നിലയ്ക്ക് കന്പനിയുടെ മൂന്ന് ഗ്യാസ് സ്റ്റേഷനുകൾ അടച്ചിട്ടിട്ടുണ്ട്. ഒരു ഘട്ടത്തിൽ 20 നില കെട്ടിടത്തിന്റെ ഉയരത്തിലേക്കെത്തിയ രാക്ഷസ ജ്വാലകൾ ഉച്ചകഴിഞ്ഞ് 2.45 ആയപ്പോൾ അഗ്നിരക്ഷാ സേനയ്ക്ക് നിയന്ത്രിക്കാവുന്ന നിലയിലെത്തി.
സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.