ആണവകരാർ: ഇറാനെതിരേ യുദ്ധം വേണ്ടിവരുമെന്ന് ഫ്രാൻസ്
Friday, April 4, 2025 12:56 AM IST
പാരീസ്: ആണവകരാർ ഉണ്ടാക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ ഇറാനെതിരേ സൈനികനടപടി വേണ്ടിവരുമെന്നു ഫ്രാൻസ്. അതേസമയം, നയതന്ത്ര പരിഹാരത്തിനുള്ള സാധ്യത മങ്ങുകയാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷോൺ നോയൽ ബാരറ്റ് പറഞ്ഞു.
ഇറേനിയൻ വിഷയത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015ൽ ഇറാനുമായി ഉണ്ടാക്കിയ ആണവകരാർ ഈ വർഷം ഒക്ടോബറിൽ അവസാനിക്കുമെന്നും അതിനു മുന്പ് കരാർ പുതുക്കാനുള്ള നീക്കങ്ങളാണു നടക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഇറാൻ അണ്വായുധം സ്വന്തമാക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവകരാർ വിഷയത്തിൽ ചർച്ചയ്ക്കു തയാറായില്ലെങ്കിൽ ഇറാനെതിരേ ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു.
ഇതിനിടെ, ഇറാനെതിരേ സൈനികഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റഷ്യ ഇന്നലെ പറഞ്ഞു. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ബോംബിട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സമാധാന ആവശ്യങ്ങൾക്കായി അണുശക്തി ഉപയോഗപ്പെടുത്താനുള്ള ഇറാന്റെ അവകാശത്തെ റഷ്യ മാനിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ കൂട്ടിച്ചേർത്തു.