വിദേശ മാധ്യമങ്ങൾക്കു മ്യാൻമറിൽ പ്രവേശനമില്ല
Tuesday, April 1, 2025 1:17 AM IST
യാങ്കോൺ: ഭൂകന്പം റിപ്പോർട്ട് ചെയ്യാൻ വിദേശമാധ്യമങ്ങൾക്ക് പ്രവേശനാനുമതി ഇല്ലെന്ന് മ്യാൻമറിലെ പട്ടാള ഭരണകൂടം. വൈദ്യുതി, വെള്ളം, താമസസൗകര്യം എന്നിവയുടെ അഭാവമാണ് ഇതിനു കാരണമെന്നു പട്ടാളവക്താവ് അറിയിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പട്ടാളഭരണകൂടം സുതാര്യത പുലർത്തുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് ഈ തീരുമാനം. വിമതർക്കു സ്വാധീനമുള്ള മേഖലകളിൽ പട്ടാളം ദുരിതാശ്വാസ സഹായം വിലക്കുന്നതായി ആരോപണമുണ്ട്. ഭൂകന്പമുണ്ടായിട്ടും വിമതർക്കെതിരായ വ്യോമാക്രമണങ്ങൾ പട്ടാളം തുടരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
വെള്ളിയാഴ്ചത്തെ ഭൂന്പത്തിൽ മ്യാൻമർ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ വിദേശത്തുനിന്നെത്തിയ രക്ഷാപ്രവർത്തകർക്കും മാധ്യമങ്ങൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം പട്ടാളം ഒരുക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നു.
ഇതിനിടെ, ഇന്നലെ മ്യാൻമറിൽ 2.8നും 7.5നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ 36 തുടർചലനങ്ങൾ അനുഭവപ്പെട്ടു.
വെള്ളിയാഴ്ചത്തെ ഭൂകന്പത്തിൽ 2000 പേർ മരിച്ചുവെന്നാണ് പട്ടാള ഭരണകൂടം അറിയിച്ചിരിക്കുന്നത്.
എൻഡിആർഎഫ് ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തു
ന്യൂഡൽഹി: മ്യാൻമർ ഭൂകന്പത്തിൽ മരിച്ച ഏഴു പേരുടെ മൃതദേഹം ഇന്ത്യയിൽനിന്നുള്ള എൻഡിആർഎഫ്(നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്) സംഘം കണ്ടെടുത്തു.
ഭൂകന്പത്തിൽ പൂർണമായും തകർന്ന മാണ്ഡലേ മേഖലയിലെ കെട്ടിടാവശിഷ്ടങ്ങളിൽനിന്നാണു മൃതദേഹം കണ്ടെടുടത്തത്. മാണ്ഡലേ നഗരത്തിലെ സെക്ടർ ഡിയിൽ തകർന്ന 13 കെട്ടിടങ്ങളിലാണ് എൻഡിആർഎഫ് സംഘത്തെ തെരച്ചിലിനു നിയോഗിച്ചത്.