മസ്ക് പണമെറിഞ്ഞിട്ടും സൂസൻ ജയിച്ചു
Thursday, April 3, 2025 12:13 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തെ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്കു നടന്ന ജനകീയ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി പിന്തുണയോടെ മത്സരിച്ച സൂസൻ ക്രോഫോർഡിനു ജയം. യുഎസ് പ്രസിഡന്റ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും പിന്തുണച്ച ബ്രാഡ് ഷിമെലിനെയാണു തോൽപ്പിച്ചത്.
അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണമൊഴുകിയ ജുഡീഷൽ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇരു സ്ഥാനാർഥികളും ചേർന്ന് പത്തു കോടി ഡോളറിലധികം പ്രചാരണത്തിനായി ചെലവഴിച്ചു.
സൂസനെതിരേ വോട്ട് ചെയ്യുന്നവർക്കു മസ്ക് നേരിട്ടു പണം വിതരണം ചെയ്തിരുന്നു. പ്രമുഖ നിക്ഷേപകൻ ജോർജ് സോറോസ് അടക്കമുള്ളവരുടെ പിന്തുണ സൂസനുണ്ടായിരുന്നു.
വിസ്കോൺസിൻ സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരെയും ജനകീയ തെരഞ്ഞെടുപ്പിലൂടെയാണു നിയമിക്കുന്നത്. പത്തു വർഷമാണു കാലാവധി.