മ്യാൻമർ രക്ഷാപ്രവർത്തകർക്കു പട്ടാളത്തിന്റെ മുന്നറിയിപ്പുവെടി
Thursday, April 3, 2025 12:13 AM IST
യാങ്കോൺ: ഭൂകന്പബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ചൈനീസ് റെഡ് ക്രോസ് സംഘത്തിനു നേർക്കു മുന്നറിയിപ്പുവെടി ഉതിർക്കേണ്ടിവന്നതായി മ്യാൻമറിലെ പട്ടാളഭരണകൂടം അറിയിച്ചു. ആഭ്യന്തരയുദ്ധമേഖലയിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർ ഇക്കാര്യം പട്ടാളത്തെ മുൻകൂട്ടി അറിയിക്കാതിരുന്നതാണു കാരണമെന്നു പട്ടാള വക്താവ് കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തകർ സുരക്ഷിതരാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ കക്ഷികളും നടപടി സ്വീകരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഭൂകന്പമുണ്ടായതിനു ശേഷവും പട്ടാള ഭരണകൂടം വിമതർക്കെതിരേ ആക്രമണം നടത്തുന്നതായി മുന്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഭൂകന്പബാധിത പ്രദേശങ്ങളിൽ പലതും വിമതരുടെ നിയന്ത്രണത്തിലാണ്.
പട്ടാളഭരണകൂടം ദുരിതാശ്വാസ പ്രവർത്തനത്തിനു തടസമുണ്ടാകാതിരിക്കാൻ ഏപ്രിൽ 22 വരെ വെടിനിർത്തുകയാണെന്ന് പട്ടാളം ഇന്നലെ അറിയിച്ചു. വിമതർ നേരത്തേ തന്നെ രണ്ടാഴ്ചത്തെ ഏപകക്ഷീയ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 3,000 ആയി. പരിക്കേറ്റവരുടെ എണ്ണം 4,639 ആയും ഉയർന്നുവെന്നാണു പട്ടാള ഭരണകൂടത്തിന്റെ അറിയിപ്പ്. 2.8 കോടി പേർ കെടുതികൾ നേടിരുന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.