മ്യാൻമറിൽ മരണം 2000 പിന്നിട്ടു
Tuesday, April 1, 2025 2:40 AM IST
ബാങ്കോക്ക്: മ്യാൻമറിൽ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 2065 ആയി. 3900 പേർക്കു പരിക്കേറ്റു. 270 പേരെ കാണാതായി. സൈനികഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി, ഇന്ധനം എന്നിവയുടെ അഭാവം രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. പട്ടിണിമൂലം നരകിക്കുന്ന ജനങ്ങൾ പകർച്ചവ്യാധിഭീഷണിയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മ്യാൻമറിലും അയൽരാജ്യമായ തായ്ലൻഡിലും ഭൂകന്പം വൻ നാശം വിതച്ചത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേക്കു സമീപമാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. മാണ്ഡലേയിലെ 80 ശതമാനം കെട്ടിടങ്ങളും നിലംപൊത്തി. വിമാനത്താവളം തകർന്നു.
വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്ന 700 ഇസ്ലാംമതവിശ്വാസികൾ മോസ്കുകൾ തകർന്നു മരിച്ചു. 60 മോസ്കുകളാണു തകർന്നത്. ബുദ്ധവിഹാരം തകർന്ന് 270 ബുദ്ധസന്യാസികളും മരിച്ചു. തായ്ലൻഡിൽ 18 പേരാണു മരിച്ചത്. 78 പേരെ കാണാതായി.