ട്രംപിന്റെ സ്വരം മാറുന്നു; പുടിനോട് കലിപ്പ്
Tuesday, April 1, 2025 1:17 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോടു രോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്.
പുടിനോടു തനിക്ക് വലിയ ദേഷ്യമുണ്ടെന്നു പറഞ്ഞ ട്രംപ്, വെടിനിർത്തലിനു തയാറായില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 50 ശതമാനം വച്ച് അമേരിക്ക ചുങ്കം ചുമത്തുമെന്നും ഭീഷണി മുഴക്കി. എൻബിസി ന്യൂസിനു നല്കിയ ഫോൺ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ യോഗ്യതയിൽ സംശയം പ്രകടിപ്പിക്കുന്ന പുടിന്റെ നിലപാടിനെ ട്രംപ് വിമർശിച്ചു. യുക്രെയ്നിൽ പുതിയ നേതൃത്വം വേണമെന്ന പുടിന്റെ ആവശ്യം വെടിനിർത്തൽ സാധ്യതകളെ ബാധിക്കും. തന്റെ രോഷത്തെക്കുറിച്ച് റഷ്യൻ നേതൃത്വത്തിന് അറിയാമെന്നു പറഞ്ഞ ട്രംപ്, പുടിനുമായി നല്ല ബന്ധത്തിലാണെന്നും പുടിൻ ശരിയായ നടപടികളെടുത്താൽ തന്റെ ദേഷ്യം ശമിക്കുമെന്നും കൂട്ടിച്ചേർത്തു.
പുടിനും റഷ്യക്കും എതിരേ ട്രംപ് ഗൗരവമായ ഭീഷണി മുഴക്കുന്നത് ആദ്യമാണ്. ഇതുവരെ അദ്ദേഹം പുടിനെ പുകഴ്ത്തിപ്പറയുകയാണുണ്ടായിട്ടുള്ളത്. പ്രസിഡന്റ് സെലൻസ്കി ഏകാധിപതിയാണെന്നും യുക്രെയ്നിൽ തെരഞ്ഞെടുപ്പു നടത്തണമെന്നും ട്രംപ് മുന്പ് ആവശ്യപ്പെട്ടിട്ടുണ്ട്.