ആഡംബരബോട്ട് ദുരന്തം : ശതകോടീശ്വരൻ മൈക്കിൾ ലിഞ്ചിനും സുഹൃത്തുക്കൾക്കുമായി തെരച്ചിൽ
Wednesday, August 21, 2024 12:45 AM IST
പലേർമോ: ഇറ്റലിയിലെ സിസിലിയൻ തീരത്തു കൊടുങ്കാറ്റിൽ മുങ്ങിയ ആഡംബരബോട്ടിലുണ്ടായിരുന്നവർക്കായി തെരച്ചിൽ തുടരുന്നു.
ബ്രിട്ടീഷ് ടെക് ശതകോടീശ്വരൻ മൈക്കിൾ ലിഞ്ച്, ലിഞ്ചിന്റെ പതിനെട്ടുകാരിയായ മകൾ ഹന്ന, മോർഗൻ സ്റ്റാൻലി ഇന്റർനാഷണൽ ബാങ്കിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ, ബ്ലൂമറുടെ ഭാര്യ ജൂഡി, മൈക്കിൾ ലിഞ്ചിന്റെ അഭിഭാഷകനായിരുന്ന ക്രിസ് മോർവില്ലോ, മോർവില്ലോയുടെ ഭാര്യ നാഡ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
തിങ്കളാഴ്ച പുലർച്ചെ അപകടമുണ്ടായ സമയത്ത് ബോട്ടിൽ പത്തു ജീവനക്കാരടക്കം 22 പേർ ഉണ്ടായിരുന്നു. ഒന്പതു ജീവനക്കാരടക്കം 15 പേർ രക്ഷപ്പെട്ടു. ബോട്ടിലെ കുക്ക് റിക്കാർഡോ തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി.
മൈക്കിൾ ലിഞ്ചിന്റെ ഉടമസ്ഥതയിൽ ബ്രിട്ടനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബേസിയാൻ എന്ന ആഡംബരയാനം സിസിലിയിലെ പലേർമോയ്ക്കടുത്ത് നങ്കൂരമിട്ടിരിക്കേ അപ്രതീക്ഷിതമായി കൊടുങ്കാറ്റിൽ തകരുകയായിരുന്നു. അന്പതു മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ബോട്ടിലെ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് ഇറ്റാലിയൻ കോസ്റ്റ്ഗാർഡ് അറിയിച്ചു.
ബ്രിട്ടനിലെ ബിൽഗേറ്റ്സ് എന്നറിയപ്പെട്ടിരുന്ന മൈക്കിൾ ലിഞ്ച് അമേരിക്കൻ കോടതിയിലെ തട്ടിപ്പുകേസിൽനിന്നു ജൂണിൽ കുറ്റവിമുക്തനായിരുന്നു. ഇതിന്റെ ആഘോഷം ആഡംബരയാനത്തിൽ നടക്കുന്നതിനിടെയാണു ദുരന്തമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെല്ലാം കേസിന്റെ സമയത്ത് മൈക്കിൾ ലിഞ്ചിനൊപ്പം നിന്നവരാണ്.
രക്ഷപ്പെട്ടവരിൽ മൈക്കിൾ ലിഞ്ചിന്റെ ഭാര്യ ആഞ്ചലയും ഉൾപ്പെടുന്നു. ഷാർലെറ്റ് ഗുലുൻസ്കി എന്ന വനിത ഒരു വയസുള്ള മകൾ സോഫിയയുമായി അദ്ഭുതകരമായി രക്ഷപ്പെട്ടത് വലിയ വാർത്താപ്രാധാന്യം നേടി.