ചരിത്രം കുറിച്ച് ആറു വനിതകളുമായി എന്‍എസ്-31 ബഹിരാകാശ ദൗത്യം
Wednesday, April 16, 2025 3:09 AM IST
വാഷിംഗ്ടണ്‍: ബഹിരാകാശ വിനോദസഞ്ചാര യാത്രകളുടെ ചരിത്രത്തിൽ പുതുചരിത്രമെഴുതി സ്വകാര്യ എയ്റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ എൻഎസ്-31 ദൗത്യം വിജയം. തിങ്കളാഴ്ച ന്യൂഷെപ്പേഡ് റോക്കറ്റിന്റെ സഹായത്തോടെ ഉപരിതലത്തിൽനിന്ന് 105 കിലോമീറ്റർ ഉയരം വരെ പോയി അവിടെ പത്തു മിനിറ്റോളം ചെലവഴിച്ചശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി.
പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറി, ബ്ലൂ ഒറിജിൻ ഉടമ ജെഫ് ബെസോസിന്റെ പ്രതിശ്രുത വധു ലൗറൻ സാഞ്ചേസ് എന്നിവരടക്കം ആറു വനിതകളാണ് ചരിത്രയാത്രയിൽ പങ്കാളികളായത്.
ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കാർമാൻ ലൈൻ കടന്നതിനാൽ സാങ്കേതികമായി ഇതിനെ ബഹിരാകാശ യാത്ര എന്നു വിളിക്കാവുന്നതാണ്. യാത്രക്കാര്‍ക്ക് നാല് മിനിറ്റുവരെ ഭാരരഹിത അവസ്ഥ അനുഭവപ്പെട്ടു. ഇത്തരത്തിലുള്ള 11-ാം യാത്രാദൗത്യമായിരുന്നു തിങ്കളാഴ്ചത്തേത്.
കമ്പനി ഉടമ ജെഫ് ബെസോസ് അടക്കം പല പ്രമുഖരും ഈ പേടകത്തിൽ യാത്ര നടത്തിയിട്ടുണ്ടെങ്കിലും പൂർണമായും സ്ത്രീകൾ മാത്രമുള്ള ആദ്യദൗത്യമായിരുന്നു തിങ്കളാഴ്ചത്തേത്. വെസ്റ്റ് ടെക്സാസിൽ വച്ചായിരുന്നു വിക്ഷേപണം.
ആമസോൺ സ്ഥാപകൻകൂടിയായ ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള എയ്റോസ്പേസ് കമ്പനിയാണ് ബ്ലൂ ഒറിജിൻ. ബ്ലൂ ഒറിജിനിന്റെ പുതിയ ‘ന്യൂ ഷെപ്പേർഡ്’ റോക്കറ്റ് നടത്തുന്ന 11-ാം മനുഷ്യ ബഹിരാകാശ ദൗത്യമാണ് എൻഎസ്-31.
യാത്രികരുടെ സംഘത്തില്‍ നാസ മുൻ സയന്റിസ്റ്റ് എയ്ഷ ബൊവെ, പൗരാവകാശ പ്രവർത്തക അമാൻഡ നുഡെൻ, വാർത്താ അവതാരിക ഗെയിൽ കിംഗ്, ചലച്ചിത്ര നിർമാതാവ് കെരിയാന ഫ്ലിന്‍ എന്നിവരും ഉണ്ടായിരുന്നു.