ഹസീനയ്ക്കു തിരിച്ചടിയായി യുകെ നയങ്ങൾ
Wednesday, August 7, 2024 2:52 AM IST
ലണ്ടന്‍: രാഷ്ട്രീയ അഭയമോ താത്കാലിക അഭയാര്‍ഥി പദവിയോ തേടിയെത്തുന്ന വ്യക്തികളെ സഹായിക്കാന്‍ യുകെയിലെ കുടിയേറ്റ നിയമത്തില്‍ വ്യവസ്ഥയില്ല എന്നതാണു ഷേക്ക് ഹസീനയ്ക്കു തിരിച്ചടിയായത്.
സുരക്ഷിതമായി ആദ്യം ഏതു രാജ്യത്ത് എത്തുമോ അവിടെ രാഷ്ട്രീയ അഭയം തേടണമെന്നാണു പുതിയ ലേബര്‍ സര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയിൽനിന്ന് ലണ്ടനിലേക്കു കടക്കാനുള്ള ഹസീനയുടെ ശ്രമങ്ങൾക്ക് ഇതും തടസമായി.
സംരക്ഷണം ആവശ്യമുള്ള വ്യക്തികള്‍ക്ക് അതു നല്കിയ സമ്പന്നമായ പാരമ്പര്യമാണ് യുകെയ്ക്കുള്ളത്. രാഷ്ട്രീയ അഭയത്തിനായി യുകെയിലേക്ക് യാത്രചെയ്യുന്നത് അനുവദനീയമല്ലെന്നാണ് യുകെ ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരണം.
അതേസമയം, രാഷ്ട്രീയ അഭയം തേടി ഔപചാരിക അപേക്ഷ നൽകിയാൽ പരിഗണിക്കപ്പെട്ടേക്കാം. ഷേഖ് ഹസീനയ്ക്കൊപ്പം ഇന്ത്യയിലെത്തിയ ഇളയ സഹോദരി ഷേക്ക് രഹ്നയ്ക്കു ബ്രിട്ടീഷ് പൗരത്വമുണ്ട്. ഇവരുടെ മകള്‍ തുലിപ് സിദ്ദിഖി ലേബര്‍ പാര്‍ട്ടി എംപിയാണ്. ഈ ബന്ധങ്ങള്‍ ഷേഖ് ഹസീനയെ തുണച്ചേക്കാമെന്നാണ് വിലയിരുത്തലുകൾ.