നേപ്പാളിൽ അഭ്യൂഹമുയർത്തി ദുബെ-ഒലി ചർച്ച
Tuesday, July 2, 2024 12:00 AM IST
കാഠ്മണ്ഡു: നേപ്പാളിലെ പുഷ്പ കമൽ ദഹൽ പ്രചണ്ഡ സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് അഭ്യൂഹം. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായ നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റ് ഷേർ ബഹാദൂർ ദുബെയും രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഎൻ-യുഎംഎൽ ചെയർമാൻ കെ.പി. ശർമ ഒലിയും കൂടിക്കാഴ്ച നടത്തി. ഒലിയുടെ വസതിയിലായിരുന്നു ഇരു നേതാക്കളും ശനിയാഴ്ച ചർച്ച നടത്തിയത്. ഭരണമുന്നണിയുടെ ഭാഗമാണ് സിപിഎൻ-യുഎംഎൽ.
ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും നേപ്പാളി കോൺഗ്രസ്, സിപിഎൻ-യുഎംഎൽ പാർട്ടികൾ സർക്കാർ രൂപവത്കരിക്കാനൊരുങ്ങുകയാണെന്നു റിപ്പോർട്ടുണ്ട്. മുൻ പ്രധാനമന്ത്രിയായ ഒലിക്ക് വീണ്ടും പ്രധാനമന്ത്രിയാകാൻ മോഹമുണ്ട്. ഈ വർഷത്തെ ബജറ്റിനെതിരേ ഒലി പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ, ഭരണമാറ്റമുണ്ടാകുമെന്ന റിപ്പോർട്ട് പ്രധാനമന്ത്രി പ്രചണ്ഡയോട് അടുത്ത വൃത്തങ്ങൾ തള്ളുന്നു.
275 അംഗ നേപ്പാൾ പാർലമെന്റിൽ 89 സീറ്റുള്ള നേപ്പാളി കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി. സിപിഎൻ-യുഎംഎലിന് 78ഉം പ്രചണ്ഡയുടെ പാർട്ടിയായ സിപിഎൻ-മാവോയിസ്റ്റ് സെന്ററിന് 32ഉം അംഗങ്ങളുണ്ട്. നേപ്പാളി കോൺഗ്രസ്, സിപിഎൻ-യുഎംഎൽ പാർട്ടികൾ സർക്കാർ രൂപവത്കരിച്ചാൽ രാജ്യത്ത് രാഷ്ട്രീയസ്ഥിരതയുണ്ടാകുമെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
പാർലമെന്റിന്റെ അവശേഷിക്കുന്ന മൂന്നു വർഷം അധികാരം പങ്കിടാൻ ഷേർ ബഹാദൂര്‍ ദുബെയും കെ.പി. ശർമ ഒലിയും ധാരണയായതായി മാധ്യമ റിപ്പോർട്ടുണ്ട്.
ആദ്യ ടേം ഒലിക്കു നല്‍കുമെന്നാണു റിപ്പോർട്ട്. കഴിഞ്ഞ 16 വർഷത്തിനിടെ നേപ്പാളിൽ 13 സർക്കാരുകളുണ്ടായി.