നൈജീരിയയിൽ സ്ഫോടനപരന്പര; 18 മരണം
Monday, July 1, 2024 2:11 AM IST
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുണ്ടായ സ്ഫോടനപരന്പരയിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ബോക്കോ ഹറാം ഭീകരരുടെ ശക്തികേന്ദ്രമായ മേഖലയിലെ ഗ്വോസാ പട്ടണത്തിൽ ശനിയാഴ്ച വിവാഹ, മരണ ചടങ്ങുകളിലും ആശുപത്രിയിലും ചാവേർ സ്ഫോടനങ്ങൾ ഉണ്ടാകുകയായിരുന്നു. വനിതാ ചാവേറാണ് ആക്രമണം നടത്തിയതെന്നു സൂചനയുണ്ട്. മരണസംഖ്യ 30 ആയെന്നാണു സോഷ്യൽ മീഡിയയിലെ റിപ്പോർട്ട്.
മരിച്ചവരിൽ കുട്ടികളും ഗർഭിണിയും ഉൾപ്പെടുന്നു. വിവാഹവേദിയിലുണ്ടായ സ്ഫോടനത്തിൽ ആറു പേരാണു കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പതിനഞ്ചു വർഷത്തോളം ബോക്കോ ഹറാം ഇസ്ലാമിക ഭീകരരുടെ ആക്രമണം നേരിട്ട മേഖലയാണ് ബോർണോ.
സ്ഫോടനങ്ങൾ നടന്ന ഗ്വോസാ പട്ടണം 2014ൽ തീവ്രവാദികൾ നിയന്ത്രണത്തിലാക്കിയെങ്കിലും അടുത്തവർഷം നൈജീരിയൻ സേന തിരിച്ചുപിടിച്ചു. ഭീകരർ പട്ടണത്തോടു ചേർന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തുകയും ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യാറുണ്ട്.
കഴിഞ്ഞ 15 വർഷങ്ങളിലായി നൈജീരിയയിൽ ഭീകരാക്രമണങ്ങളിലായി 40,000 പേർ കൊല്ലപ്പെടുകയും 20 ലക്ഷം പേർ നാടുവിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. ചാഡ്, നൈജർ, കാമറൂൺ തുടങ്ങിയ അയൽരാജ്യങ്ങളിലും ബോക്കോ ഹറാമിന്റെയും ഇതര ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളുടെയും ആക്രമണം വ്യാപിക്കുന്നുണ്ട്.