ബാലികാ പീഡനം: യുഎസ് സൈനികൻ ജപ്പാനിൽ അറസ്റ്റിൽ
Thursday, June 27, 2024 12:16 AM IST
ടോക്കിയോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ യുഎസ് സൈനികൻ ജപ്പാനിൽ അറസ്റ്റിലായി. അമേരിക്കൻ സൈനികതാവളം പ്രവർത്തിക്കുന്ന ഓക്കിനാവയിൽ ഡിസംബറിലാണു കേസിനാസ്പദമായ സംഭവം നടന്നത്.
കാമറകളിലൂടെ തിരിച്ചറിഞ്ഞ 25 വയസുള്ള സൈനികനെ അറസ്റ്റ് ചെയ്ത് മാർച്ചിൽ കുറ്റം ചുമത്തിയെന്നു റിപ്പോർട്ടുകളിൽ പറയുന്നു. യുഎസ് അധികൃതർ അന്വേഷണത്തോടു സഹകരിക്കുന്നതായി ജാപ്പനീസ് അധികൃതർ അറിയിച്ചു.
യുഎസ് സേനയുടെ ഏറ്റവും വലിയ സൈനികതാവളം പ്രവർത്തിക്കുന്നതിൽ ഓക്കിനാവ നിവാസികൾക്ക് കടുത്ത അമർഷമുണ്ട്. 1995ൽ പന്ത്രണ്ടുകാരിയെ മൂന്ന് യുഎസ് സൈനികർ മാനഭംഗപ്പെടുത്തിയ സംഭവം മാസങ്ങൾ നീണ്ട പ്രതിഷേധത്തിനു കാരണമായിരുന്നു.