റാഫയിൽനിന്നു പലായനം ചെയ്തത് 10 ലക്ഷത്തിലധികം ആളുകൾ
Tuesday, June 4, 2024 12:20 AM IST
ദുബായ്: ഗാസ നഗരമായ റാഫയിൽനിന്നു 10 ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി. മൂന്നാഴ്ചയ്ക്കിടെയാണ് 10 ലക്ഷത്തിലധികം ആളുകൾ നഗരത്തിൽനിന്നു പലായനം ചെയ്തതെന്ന് യുഎൻആർഡബ്ല്യുഎ പറയുന്നു.
മേയ് മാസം മുതൽ റാഫയിൽ ഇസ്രയേൽ ആക്രമണം നടത്തിവരികയായിരുന്നു. കരയുദ്ധം ആരംഭിച്ചതോടെ റാഫയിൽനിന്നു മാറണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണം പലസ്തീന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ അഭയാർഥികളായി റഫയിലേക്ക് എത്തുകയായിരുന്നു.
തങ്ങൾ പോകുന്നിടത്തെല്ലാം ഇസ്രയേലിന്റെ ആക്രമണത്തിന് ഇരയാകുന്നതായി പലായനം ചെയ്യുന്നവർ പരാതിപ്പെടുന്നു. ഖാൻയൂനിസിൽ യുദ്ധം തകർത്ത കെട്ടിടങ്ങളിലും മറ്റും ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങൾ പാർക്കുന്നുണ്ടെന്ന് ഏജൻസി പറയുന്നു. ഖാൻ യൂനിസിലെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ലെന്ന് ഏജൻസി കൂട്ടിച്ചേർത്തു.