ഇന്ത്യക്കാരുടെ അറസ്റ്റ്: കാനഡ ശക്തമായ നിയമവാഴ്ചയുള്ള രാജ്യമെന്നു ജസ്റ്റിൻ ട്രൂഡോ
Monday, May 6, 2024 1:15 AM IST
ഒട്ടാവ: കാനഡ ശക്തമായ നിയമവാഴ്ചയുള്ള രാജ്യമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു കനേഡിയൻ പ്രധാനമന്ത്രി. ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയും പൗരന്മാരുടെ സംരക്ഷണത്തിനു പ്രതിബദ്ധതയും നിയമവാഴ്ചയുമുള്ള രാജ്യമാണു കാനഡയെന്ന് അദ്ദേഹം പറഞ്ഞു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ മൂന്നു പേരിൽ പരിമിതപ്പെടുത്താതെ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. നിജ്ജർ വധത്തോടെ തങ്ങൾ സുരക്ഷിതരല്ലെന്ന് കാനഡയിലെ സിക്ക് വിഭാഗം കരുതുന്നു.
സുരക്ഷിതമായും ഭയമില്ലാതെയും വിവേചനമില്ലാതെയും ജീവിക്കാനാകുകയെന്നത് എല്ലാ കനേഡിയൻ പൗരന്മാരുടെയും മൗലിക അവകാശമാണ്’’-അദ്ദേഹം പറഞ്ഞു. നിജ്ജർവധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നു ജസ്റ്റിൻ ട്രൂഡോ 2023 സെപ്റ്റംബറിൽ പറഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.