നിജ്ജാർ വധം: കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
Sunday, May 5, 2024 12:47 AM IST
വാൻകൂവർ: ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തിൽ വിള്ളലുണ്ടാക്കിയ ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകത്തിൽ മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് അറിയിച്ചു. കരൺ ബ്രാർ (22), കമൽ പ്രീത് സിംഗ് (22), കരൺ പ്രീത് സിംഗ് (28) എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തി. മൂന്നു മുതൽ അഞ്ചുവരെ വർഷമായി കാനഡയിൽ താമസിക്കുന്ന മൂന്നു പേരെയും ആൽബർട്ടയിലെ എഡ്മണ്ടണിൽനിന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചിട്ടുള്ള നിജ്ജാർ കഴിഞ്ഞ വർഷം ജൂൺ 18ന് വാൻകൂവറിനു 30 കിലോമീറ്റർ അകലെ സറേയിലെ ഗുരുദ്വാരയിൽ മുഖംമൂടി ധരിച്ച അക്രമികളുടെ വെടിയേറ്റു മരിക്കുകയായിരുന്നു.
സ്വതന്ത്ര ഖലിസ്ഥാൻ രാഷ്ട്രത്തിനായി പ്രവർത്തിച്ചിരുന്ന നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ സർക്കാരിനു പങ്കുണ്ടാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചതാണ് ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളാക്കിയത്.
ആരോപണം ശക്തമായി നിഷേധിച്ച ഇന്ത്യ, ഖലിസ്ഥാൻ തീവ്രവാദികൾക്ക് കാനഡ അഭയം നല്‍കുകയാണെന്ന് ആരോപിച്ചു. ഇന്ത്യയിൽ നിയമിച്ചിട്ടുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കാനും ആവശ്യപ്പെട്ടു. ആരോപണത്തിനു തെളിവു നല്കാൻ ട്രൂഡോയ്ക്കു മേൽ ശക്തമായ സമ്മർദമുണ്ടായി.
കേസിൽ കൂടുതൽ പേർക്കു പങ്കുണ്ടാകാമെന്നും കൂടുതൽ അറസ്റ്റുകളുണ്ടാകാമെന്നുമാണ് കനേഡിയൻ പോലീസ് ഇന്നലെ അറിയിച്ചത്. ഇന്ത്യൻ സർക്കാരിനു പങ്കുണ്ടെന്ന ആരോപണം അടക്കമുള്ള വിഷയങ്ങളിലും അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു.