വെടിനിർത്തലിനു ചൂടുപിടിച്ച ചർച്ചകൾ
Monday, April 29, 2024 12:39 AM IST
ഗാസ: ഗാസയിൽ രണ്ടു ബന്ദികൾകൂടി ജീവിച്ചിരിക്കുന്നുവെന്നു വ്യക്തമാക്കുന്ന വീഡിയോദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. നിർബന്ധപൂർവം തയാറാക്കിയ വീഡിയോ ആണെന്ന് വ്യക്തമാണെങ്കിലും ചിത്രീകരണതീയതി രേഖപ്പെടുത്തിയിട്ടില്ല.
202 ദിവസമായി തടങ്കലിൽ തുടരുകയാണെന്നാണു വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന ഒമ്രി മിരാൻ പറയുന്നത്. മറ്റൊരു ബന്ദിയായ കീത്ത് സീഗെൽ പെസഹാ വ്യാഴാഴ്ചയെക്കുറിച്ച് പറയുന്നുണ്ട് എന്നതിനാൽ സമീപദിവസങ്ങളിൽ ചിത്രീകരിച്ചതാണെന്ന് അനുമാനിക്കുന്നതായി ബിബിസി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിൽ ഹമാസ് നടത്തിയ അതിതീവ്രമായ ആക്രമണത്തിനു പിന്നാലെയാണ് ഇരുവരും പിടിയിലായത്.
ഒമ്രിയെയും കീത്തിനെയും മടക്കിക്കൊണ്ടുവരുന്നതിനുള്ള പോരാട്ടം തുടരുമെന്ന് ഇരുവരുടെയും കുടുംബാംഗങ്ങൾ പ്രതികരിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള പുതിയ കരാറിന് ഇസ്രേലി സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
വെടിനിർത്തലിനുള്ള ഇസ്രയേലിന്റെ പുതിയ നിർദേശം പഠിച്ചുവരികയാണെന്നു പറഞ്ഞതിനു പിന്നാലെയാണു ഹമാസ് വീഡിയോ പുറത്തുവിട്ടത്. മുടങ്ങിക്കിടക്കുന്ന ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഈജിപ്റ്റ് പ്രതിനിധിസംഘത്തെ ഇസ്രയേലിലേക്ക് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
അവശേഷിച്ച ബന്ദികളെക്കൂടി മോചിപ്പിക്കുന്നതിനുള്ള ധാരണ രൂപപ്പെടുകയാണെങ്കിൽ റാഫയിൽ കരയുദ്ധത്തിനുള്ള ശ്രമം ഉപേക്ഷിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി പറഞ്ഞു.
വെടിനിർത്തലിനുള്ള ധാരണ രൂപപ്പെടുത്തുന്നതിന് ഇസ്രയേലും ഹമാസും കൂടുതൽ പ്രതിബദ്ധതയോടെയും ഗൗരവത്തോടെയും പ്രതികരിക്കണമെന്ന് ഖത്തർ പ്രതികരിച്ചു. ഏഴു മാസമായി ഗാസയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുപക്ഷത്തും സമ്മർദം ശക്തമാകുന്നതിനിടെയാണു നിർദേശം.