അഴിമതി: റഷ്യൻ പ്രതിരോധ ഉപമന്ത്രി അറസ്റ്റിൽ
Thursday, April 25, 2024 12:05 AM IST
മോസ്കോ: അഴിമതിക്കേസിൽ റഷ്യൻ പ്രതിരോധ ഉപമന്ത്രി തിമുർ ഇവാനോവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിരോധ വകുപ്പിനുവേണ്ടി കരാർ ജോലി നേടിക്കൊടുക്കുന്നതിന് പത്തു ലക്ഷം റൂബിൾ (10,800 ഡോളർ) കൈക്കൂലിയായി വാങ്ങിയതിനാണ് അറസ്റ്റെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവാനോവിനെ ഇന്നലെ മോസ്കോയിലെ കോടതിയിൽ ഹാജരാക്കി. ജൂൺ 23 വരെ അദ്ദേഹത്തെ പ്രീ-ട്രയൽ ഡിറ്റൻഷൻ സെന്ററിലേക്ക് റിമാൻഡ് ചെയ്തു. കുറ്റം തെളിഞ്ഞാൽ 15 വർഷംവരെ തടവുശിക്ഷ ലഭിക്കാം.
അറസ്റ്റിനെതിരേ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഡെനിസ് ബാലുയേവ് പറഞ്ഞു.